മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ തീവ്രവാദികളുടെ വോട്ട് മുസ്‌ലിം ലീഗിന് ആവശ്യമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. എസ്.ഡി.പി.ഐയുടെ സഹായത്തിൽ ജയിക്കുന്നതിനേക്കാൾ നല്ലത് പാർട്ടി പിരിച്ചുവിടുന്നതാണെന്നും മുനീർ പറഞ്ഞു. മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും തമ്മിൽ കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിൽ ചർച്ച നടത്തിയത് വിവാദമായ സാഹചര്യത്തിലായിരുന്നു മുനീറിന്റെ പ്രതികരണം. വേങ്ങര പറപ്പൂര് പഞ്ചായത്തിൽ എസ്.ഡി.പി.ഐ ബന്ധം ഉപേക്ഷിക്കാൻ സി.പി.എം തയ്യാറാകുമോയെന്നും മുനീർ ചോദിച്ചു. കണ്ണൂരിൽ സി.പി.ഐ.എമ്മിന്റെ അക്രമത്തിന് പ്രതിരോധം തീർക്കാൻ സുധാകരൻ ജയിക്കണമെന്നും മുനീർ പറഞ്ഞു.
എസ്.ഡി.പി.ഐ നേതാക്കളായ നസറുദ്ദീൻ എളമരം, അബ്ദുൾ മജീദ് ഫൈസി എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. അതേസമയം, രാഷ്ട്രീയ ചർച്ച നടന്നെന്ന വാർത്തകൾ ലീഗ് തള്ളിയിരുന്നു. എസ്.ഡി.പി.ഐയുമായി ഒരു ബന്ധവുമില്ലെന്നും ചർച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു ലീഗിന്റെ വിശദീകരണം. എന്നാൽ ചർച്ച എസ്.ഡി.പി.ഐ സ്ഥിരീകരിച്ചിരുന്നു.