റിയാദ് - പാക്കിസ്ഥാൻ, കുവൈത്ത്, ഓസ്ട്രിയ ഉൾപ്പെടെ 13 സുഹൃദ്‌രാജ്യങ്ങളിലെ അംബാസഡർമാർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് അധികാര പത്രം കൈമാറി.
ഡോ. ഇബ്രാഹിം ഗാലോ (സിയറ ലിയോൺ), വൂ വിയറ്റ് ഡംഗ് (വിയറ്റ്‌നാം), വാക്ടാംഗ് ജാവോഷ്‌വിലി (ജോർജിയ), ഫൈസൽ ഫക്കീർ ഖാസിം (മൊസാംബിക്), രാജാ അലി ഇജാസ് (പാക്കിസ്ഥാൻ), ജോർജ് ബോസ്റ്റിൻഗർ (ഓസ്ട്രിയ), അബ്ദുൽ അസീം മുഹമ്മദ് അൽകറൂറി (സുഡാൻ), ശൈഖ് അലി ബിൻ ഖാലിദ് അൽജാബിർ അൽസബാഹ് (കുവൈത്ത്), പീറ്റർ നിക്കോളാസ് (കെനിയ), മുഹമ്മദ് അൽഅമീൻ വുൽദ് ശൈഖ് (മൗറിത്താനിയ), സക്കരിയ ഫദ്ൽ കത്ർ (ഛാഡ്), മാർസലോ സൗസ ഡെല്ലാ നീന (ബ്രസീൽ), ദീമിതാർ ഇവാനോവ് അബാദിയേവ് (ബൾഗേറിയ) എന്നീ അംബാസഡർമാരാണ് രാജാവിന് തങ്ങളുടെ രാജ്യത്തിന്റെ അംഗീകാരപത്രം കൈമാറിയത്.
രാഷ്ട്ര നേതാക്കന്മാരുടെ ആശംസകൾ രാജാവിന് കൈമാറിയ അംബാഡർമാരെ അദ്ദേഹം രാജ്യത്തേക്ക് സ്വാഗതം ചെയ്തു. സൗദിയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിന് നിങ്ങൾക്ക് സാധിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു. തങ്ങളെ യഥോചിതം സ്വീകരിച്ചതിന് ചുമതലയേറ്റെടുത്ത അംബാസഡർമാർ രാജാവിന് കൃതജ്ഞത രേഖപ്പെടുത്തി. റിയാദ് അൽയെമാമ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ,
സഹമന്ത്രിയും കാബിനറ്റ് അംഗവുമായ ഡോ. മുസാഇദ് അൽഅയ്ബാൻ, വിദേശ കാര്യമന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫഅ, സഹമന്ത്രിയും കാബിനറ്റ് അംഗവും റോയൽ കോർട്ട് മേധാവിയുമായ ഖാലിദ് ബിൻ അബ്ദുറഹ്മാൻ അൽഈസ, റോയൽ പ്രൊട്ടോകോൾ പ്രസിഡന്റ് ഖാലിദ് ബിൻ സ്വാലിഹ് അൽഅബ്ബാദ്, രാജാവിന്റെ പേഴ്‌സണൽ സെക്രട്ടറി തമീം ബിൻ അബ്ദുൽ അസീസ് അൽസാലിം എന്നിവർ സംബന്ധിച്ചു.