Sorry, you need to enable JavaScript to visit this website.

ബി.ജെ.പി പട്ടികയിലേക്ക്  കണ്ണന്താനവും; ചർച്ചകളുടെ ഗതിമാറി

കോട്ടയം -  ബി.ജെ.പിയുടെ പത്തനംതിട്ട സ്ഥാനാർഥിത്വത്തിനായി അൽഫോൺസ് കണ്ണന്താനത്തിന്റെ അപ്രതീക്ഷീതമായ കടന്നുവരവ് സംസ്ഥാന ഘടകം തയാറാക്കിയ സ്ഥാനാർഥി ലിസ്റ്റിനെ ആകെ അട്ടിമറിച്ചു.  ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിളള, എം.ടി രമേശ്, കെ. സുരേന്ദ്രൻ. ബി. രാധാകൃഷ്ണമേനോൻ എന്നിവരുടെ പേരുകളാണ് കോട്ടയത്ത് ചേർന്ന കോർകമ്മറ്റി യോഗം തയാറാക്കിയത്. ദൽഹിയിൽ നടക്കുന്ന യോഗത്തിലാണ് അന്തിമ തീരുമാനം എടുക്കുക. ബിജെപിയിലേക്കുളള ടോം വടക്കന്റെ ആഗമനത്തോടെ സംസ്ഥാന നേതാക്കൾ എല്ലാവരും തന്നെ സ്ഥാനം ഉറപ്പിക്കാനുളള നെട്ടോട്ടത്തിലാണ്. കേന്ദ്രസ്ഥാനാർഥി എന്ന നിലയിൽ വടക്കൻ അവസാനം പ്രധാന തട്ടകത്തിൽ കയറിവരുമോ എന്നാണ് ആശങ്ക. തിരുവനന്തപുരത്ത് ഏറെക്കുറെ മത്സരിക്കാൻ ശ്രീധരൻപിളള തയാറെടുത്ത് വരുമ്പോഴാണ് കുമ്മനത്തിന്റെ അപ്രതീക്ഷിത വരവുണ്ടായത്. ഇതോടെയാണ് പത്തനംതിട്ടയിലേക്ക് മാറിയത്. പത്തനംതിട്ടയിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന സുരേന്ദ്രന് ഇതോടെ തൃശൂരിലേക്ക് പോകേണ്ടി വരും എന്ന അവസ്ഥയായി. എന്നാൽ ശബരിമല സമരത്തിൽ മുൻനിരയിൽ ചർച്ച ചെയ്യപ്പെട്ട സുരേന്ദ്രനെ പത്തനംതിട്ടയിൽ തന്നെ മത്സരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. പക്ഷേ കണ്ണന്താനത്തിന്റെ അവകാശ വാദത്തോടെ ചിത്രം മാറി. ഇവർ അല്ലെങ്കിൽ അല്ലെങ്കിൽ ബി. രാധാകൃഷ്ണമേനോൻ വന്നേക്കും. കെ.പി.സി.സി പ്രസിഡന്റ് മത്സരിക്കാതെ മാറി നിൽക്കുന്ന രീതി ബിജെപിയും സ്വീകരിക്കണമെന്നാണ് പുതിയ വാദം. അങ്ങനെയെങ്കിൽ ശ്രീധരൻപിളള പുറത്തുപോകും.
കുമ്മനം രാജശേഖരൻ, ശ്രീധരൻപിളള എന്നിവരാണ് ദൽഹിയിൽ സ്ഥാനാർഥി നിർണയ ചർച്ചകളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. കേരളത്തിൽ ബി.ജെ.പി ഏറ്റവും അധികം പ്രതീക്ഷ വച്ചുപുലർത്തുന്ന തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനത്തിന്റെ പേരു മാത്രമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ എന്നിവർക്ക് കേരളത്തിലെ സ്ഥാനാർഥി പട്ടിക ഇന്നലെ രാവിലെ കൈമാറിക്കഴിഞ്ഞു. തുടർന്നാണ് കണ്ണന്താനം അപ്രതീക്ഷീതമായി തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിയും കത്തോലിക്ക സമുദായ അംഗവുമായ കണ്ണന്താനത്തിന്റെ ആവശ്യം ബി.ജെ.പി കേന്ദ്ര നേതൃത്വം പരിഗണിക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. പത്തംനംതിട്ട മണ്ഡലത്തിൽപ്പെട്ട കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിലെ മുൻ എം.എൽ.എയാണ് കണ്ണന്താനം. ഇത് കണ്ണന്താനത്തിന്റെ അവകാശ വാദത്തിന് കൂടുതൽ കരുത്തുപകരുമെന്നാണ് വിശ്വസിക്കുന്നത്.  എന്നാൽ ശബരിമല സമരമാണ് കണക്കിലെടുക്കുന്നതെങ്കിൽ സുരേന്ദ്രനായിരിക്കും നറുക്ക് വീഴുക.
എൻഎസ്എസിന്റെ നിലപാട് കൂടി കണക്കിലെടുത്താൽ വീണ്ടും ചിത്രം മാറും. ശബരിമല സംഭവത്തോടെ ബി.ജെ.പിയോട് അനുഭാവം പുലർത്തുന്ന എൻ.എസ്.എസ് വികാരം കണക്കിലെടുക്കുമെന്നാണ് പൊതുവിശ്വാസം. തിരുവനന്തപുരത്ത് എൻ.എസ്.എസിന് താൽപര്യം മറ്റൊരു സ്ഥാനാർഥിയിലാണ്. ആ പേര് കേരള ഘടകം പരിഗണിച്ചില്ല. ആറ്റിങ്ങലിൽ എം.എൻ കൃഷ്ണദാസും. കൊല്ലത്ത് സുരേഷ് ഗോപിയും മത്സരിക്കാനുളള സാധ്യത ഉണ്ട്. 

 

Latest News