റിയാദ്- ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ മസ്ജിദ് നിർമാണത്തിൽ പങ്കാളിത്തം വഹിച്ച ജോർദാനി പൗരൻ മുഹമ്മദ് ഉലയ്യാന് ഭീകരാക്രമണത്തിൽ പരിക്കേറ്റതായി സ്ഥിരീകരണം. ഇദ്ദേഹത്തിന്റെ മകൻ അതാ ഉലയ്യാൻ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. 1922 മുതൽ ന്യൂസിലാന്റിലുള്ള മുഹമ്മദ് അൽഉലയ്യാന് ന്യൂസിലാന്റ് പൗരത്വം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം കൺസൾട്ടൻസി ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. മകന് കംപ്യൂട്ടർ കമ്പനിയിലായിരുന്നു ജോലി. മുഹമ്മദ് ഉലയ്യാൻ മസ്ജിദിൽ ഇടക്കിടക്ക് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകാറുണ്ട്. ഇടക്ക് ചില വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്‌കാരത്തിന് ഖുതുബയും നിർവഹിക്കാറുണ്ട്.
മുഹമ്മദ് ഉലയ്യാന് കൈക്കാണ് വെടിയേറ്റത്. എന്നാൽ മകന്റെ പരിക്ക് ഗുരുതരമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അതാ ഉലയ്യാൻ വൈകാതെ അന്ത്യശ്വാസം വലിക്കുകയായിരുന്നെന്ന് മുഹമ്മദ് ഉലയ്യാന്റെ പിതൃസഹോദര പുത്രൻ ഉമർ ഉലയ്യാനെ ഉദ്ധരിച്ച് റഷ്യ ടുഡേ സൈറ്റ് റിപ്പോർട്ട് ചെയ്തു.
സൂര്യൻ കിഴക്കുദിച്ചുയരുന്ന ന്യൂസിലാന്റിൽ ആദ്യമായി നിർമിക്കപ്പെട്ട പള്ളിയാണ് അൽനൂർ മസ്ജിദ്. ക്രൈസ്റ്റ്ചർച്ചിൽ മുസ്‌ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട സംഗമ കേന്ദ്രവുമാണിത്. ഇന്ത്യ, പാക്കിസ്ഥാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം വിദ്യാർഥികൾ താമസിച്ചിരുന്ന ക്രൈസ്റ്റ്ചർച്ചിൽ 1977 ലാണ് അൽനൂർ മസ്ജിദിന്റെ നിർമാണത്തിന് തുടക്കം. മസ്ജിദ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം വാങ്ങുന്നതിനുള്ള പണം അറബ് സമ്പന്നനാണ് സംഭാവന ചെയ്തത്. എഴുപതുകളുടെ അവസാനത്തിൽ ആരംഭിച്ച നിർമാണ ജോലികൾ എൺപതുകളുടെ ആദ്യത്തിലാണ് പൂർത്തിയായത്.
നൂറിലേറെ പേർക്ക് ഒരേസമയം നമസ്‌കാരം നിർവഹിക്കുന്നതിനു മാത്രം വിശാലമായ മസ്ജിദിൽ നൂറു കണക്കിന് മതഗ്രന്ഥങ്ങൾ അടങ്ങിയ ലൈബ്രറിയും ന്യൂസിലാന്റിലെ മറ്റു നഗരങ്ങളിൽ നിന്ന് എത്തുന്ന അപരിചിതർക്ക് താമസിക്കുന്നതിനുള്ള സ്ഥലവും അതിഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കളയും കുട്ടികളെ കൈത്തൊഴിലുകളും ചിത്രരചനയും പഠിപ്പിക്കുന്നതിനുള്ള ഹാളുമുണ്ട്. മസ്ജിദിന്റെ മുൻവശത്ത് വിശാലമായ പാർക്ക് ആണ്. ഇതിനു സമീപമായി പാർക്കിംഗും നിരവധി വീടുകളുമുണ്ട്. ന്യൂസിലാന്റിലെ എല്ലാ ഭാഗങ്ങളിൽ നിന്നും അൽനൂർ മസ്ജിദിൽ മുസ്‌ലിംകളെത്താറുണ്ട്. ന്യൂസിലാന്റിലെ പ്രധാന മുസ്‌ലിം സന്ദർശന കേന്ദ്രമാണ് അൽനൂർ മസ്ജിദ്. പല രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും വ്യത്യസ്ത ഭാഷകളിൽ ഇവിടെ ജുമുഅ ഖുതുബ (ഉദ്‌ബോധന പ്രസംഗം) നിർവഹിക്കാറുണ്ട്.
മസ്ജിദിൽ തങ്ങുന്നതിന് ആഗ്രഹിക്കുന്ന സന്ദർശകരിൽ നിന്ന് പണം സ്വീകരിക്കുന്നതിന് നടത്തിപ്പുകാർ വിസമ്മതിക്കുന്നു. മസ്ജിദിൽ തങ്ങുന്ന സന്ദർശകർക്ക് സൗജന്യമായാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവരുടെ വസ്ത്രങ്ങൾ സൗജന്യമായി അലക്കി നൽകുകയും ചെയ്യുന്നു. സന്ദർശകർക്ക് എത്ര കാലം വേണമെങ്കിലും മസ്ജിദിൽ തങ്ങാവുന്നതാണ്. ഇതിനുള്ള ചെലവുകളെല്ലാം ന്യൂസിലാന്റിലെ മുസ്‌ലിംകൾ സംഭാവന ചെയ്യുന്നതാണ്.