മക്ക- ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ തീർഥാടകരുടെ എണ്ണം 43 ലക്ഷം കവിഞ്ഞതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2018 സെപ്റ്റംബർ 11 ന് ആണ് ഈ വർഷത്തെ (1440) ഉംറ സീസൺ ആരംഭിച്ചത്. ഇതു മുതൽ മാർച്ച് പതിനാലു വരെയുള്ള കണക്കുകൾ പ്രകാരം വിദേശങ്ങളിൽ നിന്ന് 43,08,105 തീർഥാടകരാണ് എത്തിയത്. ഇക്കാലയളവിൽ വിദേശ തീർഥാടകർക്ക് ആകെ 47,90,512 ഉംറ വിസകൾ മന്ത്രാലയം അനുവദിച്ചു. 38,69,374 തീർഥാടകർ ഉംറ കർമം നിർവഹിച്ച് സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി.
മാർച്ച് 14 ലെ കണക്കുകൾ പ്രകാരം മക്കയിലും മദീനയിലുമായി 4,38,731 തീർഥാടകരുണ്ട്. ഏറ്റവും കൂടുതൽ തീർഥാടർ എത്തിയത് പാക്കിസ്ഥാനിൽ നിന്നാണ്. പാക്കിസ്ഥാനിൽ നിന്ന് 10,31,253 തീർഥാടകർ എത്തി. ഇന്തോനേഷ്യയിൽ നിന്ന് 6,95,103 തീർഥാടകരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 4,35,746 തീർഥാടകരും നാലാം സ്ഥാനത്തുള്ള ഈജിപ്തിൽ നിന്ന് 2,40,708 തീർഥാടകരും എത്തിയതായും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.