റിയാദ് - കഴിഞ്ഞ കൊല്ലം സൗദിയിലെ വിമാനത്താവളങ്ങൾ വഴി പത്തു കോടിയോളം പേർ യാത്ര ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
2018 ൽ രാജ്യത്തെ എയർപോർട്ടുകൾ വഴി ആകെ 9,98,60,000 പേരാണ് യാത്ര ചെയ്തത്. രാജ്യത്തെ വിമാനത്താവളങ്ങൾ വഴി കഴിഞ്ഞ കൊല്ലം 7,71,828 ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ നടത്തി. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം സൗദിയിൽ എയർപോർട്ടുകൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധനവ് രേഖപ്പെടുത്തി.
2017 ൽ സൗദിയിലെ വിമാനത്താവളങ്ങൾ വഴി ആകെ 9,24,20,000 പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ കൊല്ലം വിമാന സർവീസുകളുടെ എണ്ണത്തിൽ 4.1 ശതമാനം വർധനവ് രേഖപ്പെടുത്തി. 2017 ൽ രാജ്യത്തെ എയർപോർട്ടുകളിൽ ആകെ 7,41,293 സർവീസുകളാണ് നടന്നത്.
രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി കഴിഞ്ഞ വർഷം ആകെ 9,73,00,000 ഓളം പേർ യാത്ര ചെയ്തു. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ആകെ 7,41,893 സർവീസുകൾ നടന്നു. ആഭ്യന്തര എയർപോർട്ടുകൾ വഴി 26 ലക്ഷത്തോളം പേർ യാത്ര ചെയ്തു. ആഭ്യന്തര വിമാനത്താവളങ്ങളിൽ ആകെ 29,935 സർവീസുകളാണ് നടന്നത്.
ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിച്ചത് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് ആണ്. ജിദ്ദ വിമാനത്താവളം വഴി 3,58,00,000 പേർ യാത്ര ചെയ്തു.
യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ്. റിയാദ് എയർപോർട്ട് വഴി കഴിഞ്ഞ കൊല്ലം 2,79,00,000 പേർ യാത്ര ചെയ്തു. മൂന്നാം സ്ഥാനത്തുള്ള ദമാം കിംഗ് ഫഹദ് വിമാനത്താവളം വഴി കഴിഞ്ഞ വർഷം 1,04,00,000 പേർ യാത്ര ചെയ്തു. നാലാം സ്ഥാനത്ത് മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളമാണ്. മദീന എയർപോർട്ട് വഴി കഴിഞ്ഞ കൊല്ലം 88 ലക്ഷം പേർ യാത്ര ചെയ്തു. അഞ്ചാം സ്ഥാനത്തുള്ള അബഹ വിമാനത്താവളം കഴിഞ്ഞ കൊല്ലം 45 ലക്ഷം യാത്രക്കാരെ സ്വീകരിച്ചു.
സൗദി വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകളിൽ ഏറ്റവും കൂടുതൽ പേർ യാത്ര പോയത് യു.എ.ഇയിലേക്ക് ആണ്. രണ്ടാം സ്ഥാനത്ത് ഈജിപ്തും മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനും നാലാം സ്ഥാനത്ത് ഇന്ത്യയും അഞ്ചാം സ്ഥാനത്ത് തുർക്കിയുമാണെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.