മസ്കത്ത് - ഇതര ജി.സി.സി രാജ്യങ്ങള്‍ക്ക് പിന്നാലെ ഒമാനിലും സെലക്ടീവ് ടാക്‌സ് വരുന്നു. മദ്യവും സിഗരറ്റും വിവിധ ശീതള പാനീയങ്ങളും ഉള്‍പ്പടെ ആരോഗ്യത്തിന് ഹാനികരമായ വിവിധ വസ്തുക്കള്‍ക്കാണ് പ്രത്യേക നികുതി വരുന്നതെന്ന് രാജ ഉത്തരവില്‍ പറയുന്നു. ചില ഉത്പനങ്ങള്‍ക്ക് നൂറ് ശതമാനം വരെയാണ് നികുതി വര്‍ധനവ്. ജൂണ്‍ പകുതി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
സിഗരറ്റ്, ഊര്‍ജ പാനീയങ്ങള്‍, മദ്യം എന്നിവക്ക് നൂറ് ശതമാനവും ശീതള പാനീയങ്ങള്‍, പന്നി എന്നിവക്ക് 50 ശതമാനവുമാണ് നികുതി. ഇവയുടെ വില കുത്തനെ ഉയരും. എന്നാല്‍, ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നിശ്ചിത ഉത്പന്നങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഉപഭോക്തൃ സംരക്ഷണ വിഭാഗത്തില്‍ പരാതിപ്പെടാവുന്നതാണ്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ 2016 ല്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഒമാനിലെ നികുതി വര്‍ധന. എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാന വര്‍ധനവിനായി നികുതി വര്‍ധിപ്പിക്കുമെന്ന് 2019 ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം തന്നെ സെലക്ടീവ് ടാക്‌സ് ഏര്‍പ്പെടുത്തിയിരുന്നു.