Sorry, you need to enable JavaScript to visit this website.

കൊടുത്താൽ കൊല്ലത്തും കിട്ടും; വിവാദ പരാമർശത്തിൽ വിശദീകരണവുമായി സുഗതൻ

തിരുവനന്തപുരം- ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയ ഹിന്ദു മുന്നണി നേതാവ് സി.പി സുഗതൻ വിശദീകരണവുമായി രംഗത്ത്. മനുഷ്യർ ചെയ്യുന്ന കർമ്മങ്ങൾക്കെല്ലാം സമൂഹത്തിൽ മറ്റ് ദൂഷ്യഫലങ്ങളുണ്ടാകുമെന്നാണ് അർത്ഥമാക്കിയതെന്നും ന്യൂസിലാന്റ് സംഭവത്തെ ന്യായീകരിച്ചതല്ലെന്നുമാണ് സുഗതന്റെ വിശദീകരണം. 
സുഗതന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: 
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു പറഞ്ഞാൽ നമ്മൾ മനുഷ്യർ ചെയ്യുന്ന കർമ്മങ്ങൾക്കെല്ലാം എന്നെങ്കിലും സമൂഹത്തിൽ മറു ദുഷ്യഫലം ഉണ്ടാകുമെന്നാണ് അർഥം. അല്ലെങ്കിൽ വ്യക്തികൾ ചെയ്യുന്ന കുറ്റങ്ങൾക്കു ശിക്ഷ അവർതന്നെ അനുഭവിക്കും എന്നാണ്. അല്ലാതെ ഒരു തെറ്റു ന്യായീകരിക്കുക എന്നതല്ല, ന്യൂസിലാന്റ് സംഭവം ഈ അർത്ഥത്തിലാണ് ഞാൻ പറഞ്ഞത്. ഐ.എസിന്റെ ക്രൂരതകളെ ന്യായീകരിക്കുന്നവർ മുതലെടുക്കാൻ നോക്കേണ്ട. മലയാള ഭാഷ ശരിക്കു പഠിക്കാത്തതും അതിന്റെ ഉപമയും ഉല്‌പ്രേക്ഷയും മനസ്സിലാകാത്തതും ഇന്നു കേരളീയ സമുഹത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. നമ്മൾ കൽപ്പിക്കുന്ന അർത്ഥമല്ല അനുവാചകർ മനസ്സിലാക്കുന്നത്. എന്നുമാണ് സുഗതന്റെ പുതിയ പോസ്റ്റ്.

അതേസമയം, ന്യൂസിലാന്റ്. കൊടുത്താൽ കൊല്ലത്തും കിട്ടും. അതാണ് പ്രകൃതിയുടെ നിയമം. ഐ.എസ് ക്രൂരതകൾ ഉണ്ടാക്കുന്ന ദുഷ്ഫലം എന്നായിരുന്നു സുഗതന്റെ ഇന്നലത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് ശക്തമായ വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവോത്ഥാനമതിലിന്റെ മുഖ്യസംഘാടകനായിരുന്നു സുഗതൻ. സർക്കാറിന്റെ നവോത്ഥാന കാഴ്ച്ചപ്പാടിനെതിരെയും നിരവധി പേർ വിമർശനം ഉന്നയിക്കുകയും ചെയ്തു. സുഗതന്റെ മുൻകാല നിലപാടുകളെ വിമർശിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തിന് മനംമാറ്റമുണ്ടായെന്നും തരത്തിലായിരുന്നു നേരത്തെ മന്ത്രി കെ.ടി ജലീൽ അടക്കമുള്ളവർ സുഗതനെ ന്യായീകരിച്ചിരുന്നത്. സുഗതന്റെ ന്യൂസിലാന്റ് ഭീകരാക്രമണ ന്യായീകരണ വിശദീകരണം സർക്കാറിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു.
 

Latest News