കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 13,96,574 രൂപ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടി. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പോകാനെത്തിയ
കാസര്‍കോട് മുളിയാര്‍ മുതലപ്പാറ സ്വദേശി ഹംസ സൈനു (29) വിന്റെ ബാഗേജില്‍ നിന്നാണ് വിദേശ കറന്‍സികള്‍ സി.ഐ.എസ്.എഫ് കണ്ടെടുത്തത്.
ബാഗേജ് പരിശോധനക്കിടെയാണ് ഹാന്‍ഡ് ബാഗേജില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ വിദേശ കറന്‍സികള്‍ കണ്ടെത്തിയത്. 50050 യു.എ.ഇ ദിര്‍ഹം, 400 പൗണ്ട്, 160 കുവൈത്ത് ദിനാര്‍, 230 ബഹ്‌റൈന്‍ ദിനാര്‍ എന്നിവയാണ് കണ്ടെത്തിയത്. ഇവക്ക് 13,96,574 രൂപ മൂല്യം വരും. ഇയാളെ പിന്നീട് കസ്റ്റംസ് വിഭാഗത്തിന് കൈമാറി. ഇയാളുടെ യാത്ര റദ്ദാക്കി കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണക്കടത്ത് സംഘത്തിന് വേണ്ടിയാണ് ഇയാള്‍ കറന്‍സി കടത്തിയതെന്ന് കസ്റ്റംസ് കരുതുന്നു.