Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ വില്ലാ കമ്പനി തട്ടിപ്പ് നടത്തിയെന്ന് പരാതി

കണ്ണൂർ - പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച ലിമിറ്റഡ് കമ്പനി, വില്ലാ പദ്ധതിയിൽ ഓഹരി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. റെക്കാർഡ് ബിൽഡേഴ്‌സ് ആൻഡ് ഡവലപ്പേഴ്‌സ് എന്ന കമ്പനിക്കെതിരെ തളിപ്പറമ്പ് ഡിവൈ.എസ്.പിക്കാണ് ഇത് സംബന്ധിച്ച് പരാതി ലഭിച്ചത്. പട്ടുവം പറപ്പൂലിലെ പി.വി. പ്രമോദ് കുമാർ, പഴയങ്ങാടി സ്വദേശി ഇ.ഷാജഹാൻ, സഹോദരൻ ഷിഹാബ്, കണ്ണൂർ വാരത്തെ കെ.കെ. സജീഷ്, പട്ടാന്നൂർ നാലു പെരിയയിലെ എ. അരവിന്ദാക്ഷൻ തുടങ്ങിയവരാണ് പരാതിക്കാർ. പറശ്ശിനിക്കടവിനടുത്ത് തലുവിലിൽ കമ്പനി വാങ്ങിയ രണ്ടേക്കർ സ്ഥലത്ത് 22 വില്ലകൾ നിർമ്മിച്ചു വിൽപ്പന നടത്തി ലാഭവിഹിതം നൽകുമെന്ന് പ്രലോഭിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. അനിൽ കുമാർ പട്ടുവം മാനേജിംഗ് ഡയറക്ടറായ കമ്പനിയിൽ ജിതേഷ് ചന്ദ്, മുഹമ്മദ് സാലി, മിലൻ റാവുത്തർ, വി. പ്രസാദ്, ടി.ക. ജനാർദ്ദനൻ, പി. പരമേശ്വരൻ എന്നിവർ ഡയറക്ടർമാരാണ്. അനിൽ കുമാർ പട്ടുവത്തിന്റെയും ജിതേഷ് ചന്ദിന്റെയും പേരിലാണ് സ്ഥലം വാങ്ങിയിരിക്കുന്നത്. അറുപതോളം പേർ ഈ പ്രൊജക്ടിൽ ഓഹരികളെടുത്തതായാണ് വിവരം. ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതായി പറയുന്നു. പരാതി നൽകിയവരിൽ നിന്നും മൂന്ന് ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ട്. എട്ടു വർഷമായിട്ടും പദ്ധതി പൂർത്തിയാക്കുകയോ പണം മടക്കി നൽകുകയോ ചെയ്തിട്ടില്ല. ഇതേത്തുടർന്നാണ് പരാതി നൽകിയത്. 
ഗൾഫിൽ നിന്നും മലയാളികളുടെ തിരിച്ചു വരവ് തുടങ്ങിയതോടെയാണ് പല വിധത്തിലുള്ള വാഗ്ദാനം നല്കി ഈ പ്രൊജക്ട് ആരംഭിച്ചത്. കമ്പനിയുമായി സഹകരിക്കുന്നവർക്കു വിവിധ സേവനങ്ങളും വാഗ്ദാനം ചെയ്തിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. 

Latest News