റിയാദ് - എത്യോപ്യൻ എയർലൈൻസ് വിമാന ദുരന്തത്തിൽ മരണപ്പെട്ട സൗദി യുവാവ് സഅദ് ഖലഫ് അൽമുതൈരിക്കു വേണ്ടി മറഞ്ഞ മയ്യിത്ത് നമസ്‌കാരം നിർവഹിക്കുന്നതിന് അനുവദിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഏഴു ദിവസം മുമ്പുണ്ടായ വിമാന ദുരന്തത്തിൽ മരണപ്പെട്ട സഅദ് അൽമുതൈരിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. 33 രാജ്യങ്ങളിൽ നിന്നുള്ള 157 പേർ ദുരന്തത്തിൽ മരണപ്പെട്ടിരുന്നു. അപകടത്തിൽ മരണപ്പെട്ട ഏക സൗദി പൗരനാണ് സഅദ് അൽമുതൈരി. ദുരന്തത്തിൽ മരണപ്പെട്ട സൗദി യുവാവിനു വേണ്ടി മറഞ്ഞ മയ്യിത്ത് നമസ്‌കാരം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എത്യോപ്യയിലെ സൗദി എംബസി സൗദി വിദേശ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ദുരന്തത്തിൽ മരണപ്പെട്ട എത്യോപ്യൻ എയർലൈൻസ് വിമാനത്തിന്റെ ക്യാപ്റ്റനു വേണ്ടി എത്യോപ്യയിൽ മറഞ്ഞ മയ്യിത്ത് നമസ്‌കാരം നിർവഹിച്ചിട്ടുണ്ട്.
സഅദ് അൽമുതൈരിക്കു വേണ്ടി റിയാദ് അൽറാജ്ഹി ജുമാമസ്ജിദിൽ മറഞ്ഞ മയ്യിത്ത് നമസ്‌കാരം നിർവഹിക്കുന്നതിന് ദിവസങ്ങളായി തങ്ങൾ ശ്രമിച്ചുവരികയാണെന്ന് പിതൃസഹോദരൻ പറഞ്ഞു. ഏഴു ദിവസം മുമ്പാണ് വിമാന ദുരന്തത്തിൽ സഅദ് മരണപ്പെട്ടത്. ഇതുവരെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് സാധിച്ചിട്ടില്ല. കേടുപാടുകൾ സംഭവിക്കാത്ത മയ്യിത്തുകൾ കണ്ടെത്തുന്നതിനുള്ള സാധ്യത തുലോം വിരളമാണ്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾക്കു വേണ്ടിയാണ് എത്യോപ്യൻ അധികൃതർ തിരച്ചിലുകൾ നടത്തുന്നത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് സഅദിനു വേണ്ടി എത്രയും വേഗം മറഞ്ഞ മയ്യിത്ത് നമസ്‌കാരം നിർവഹിക്കുന്നതിന് തങ്ങളെ ബന്ധപ്പെട്ട വകുപ്പുകൾ അനുവദിക്കണമെന്ന് പിതൃസഹോദരൻ ആവശ്യപ്പെട്ടു.
ദുരന്ത വാർത്ത അറിഞ്ഞയുടൻ മയ്യിത്ത് സ്വീകരിക്കുന്നതിനും മറ്റു അനന്തര നടപടിക്രമങ്ങൾക്കുമായി സഅദ് അൽമുതൈരിയുടെ സഹോദരനും മറ്റൊരു പിതൃസഹോദരനും എത്യോപ്യയിലേക്ക് പോയിരുന്നു. എത്യോപ്യയിലെ സൗദി അംബാസഡർ അബ്ദുല്ല അൽഅർജാനിയുമായി ഇവർ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്തുന്നതിന് കഴിയാത്തതിനാൽ ഇരുവരും സൗദിയിലേക്ക് മടങ്ങിയിട്ടുണ്ട്.