മക്ക - മക്കയിലും മദീനയിലും വഴിതെറ്റുന്ന ഹജ്, ഉംറ തീർഥാടകരെ താമസസ്ഥലങ്ങളിൽ എത്തിക്കുന്നതിന് ജോയിന്റ് സ്റ്റോക്ക് കമ്പനി സ്ഥാപിക്കുന്നതിന് ദേശീയ ഹജ്, ഉംറ കമ്മിറ്റിക്ക് നീക്കം. വഴിതെറ്റുന്ന തീർഥാടകരെ താമസസ്ഥലങ്ങളിൽ എത്തിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്ന ഹജ്, ഉംറ സർവീസ് കമ്പനികൾക്ക് ഹജ്, ഉംറ മന്ത്രാലയം പിഴ ചുമത്തുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ശ്രമിച്ചാണ് വഴിതെറ്റുന്ന തീർഥാടകരെ താമസസ്ഥലങ്ങളിൽ എത്തിക്കുന്ന ചുമതല വഹിക്കുന്നതിന് ജോയിന്റ് സ്റ്റോക്ക് കമ്പനി സ്ഥാപിക്കുന്നതിന് ആലോചിക്കുന്നതെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ബാദി പറഞ്ഞു.
ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽബൈജാവിയുമായി ദേശീയ ഹജ്, ഉംറ കമ്മിറ്റി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് വഴിതെറ്റുകയും കൂട്ടംതെറ്റുകയും ചെയ്യുന്ന തീർഥാടകരെ താമസസ്ഥലങ്ങളിൽ എത്തിക്കുന്നതിന് ജോയിന്റ് സ്റ്റോക്ക് കമ്പനി സ്ഥാപിക്കണമെന്ന നിർദേശം ഉയർന്നുവന്നത്. ഈ വർഷം മക്കയിലും മദീനയിലും വഴിതെറ്റുന്ന തീർഥാടകരെ സഹായിക്കുന്നതിന് നാലു വീതം സെന്ററുകൾ ദേശീയ ഹജ്, ഉംറ കമ്മിറ്റി സ്ഥാപിക്കും. മക്കയിൽ വിശുദ്ധ ഹറമിന്റെ നാലു ഭാഗങ്ങളിലും ഓരോ സെന്ററുകളും മദീനയിൽ മസ്ജിദുന്നബവിയുടെ നാലു ഭാഗങ്ങളിലും ഓരോ കേന്ദ്രങ്ങളും വീതമാണ് സ്ഥാപിക്കുക. തീർഥാടകരെ താമസസ്ഥലങ്ങളിൽ എത്തിക്കുന്നതിന് ഈ സെന്ററുകളിൽ ഇരുപത്തിനാലു മണിക്കൂറും ജീവനക്കാരുണ്ടാകുമെന്നും മുഹമ്മദ് ബിൻ ബാദി പറഞ്ഞു.