കടല്‍ കടക്കും ആവേശം, പ്രചാരണത്തിളപ്പിലേക്ക് പി.വി. അന്‍വറിന്റെ സഹോദരന്‍

പി.വി. അഷ്‌റഫ് അനുജന്‍ പി.വി. അന്‍വറിനൊപ്പം

ജിദ്ദ- അനുജനാണ് മത്സര രംഗത്തെങ്കിലും ഇങ്ങകലെ ജ്യേഷ്ഠനും ആവേശത്തിലും പ്രതീക്ഷയിലും ഒട്ടും കുറവില്ല. മത്സരം കടുത്തതാവും, പക്ഷേ വിജയം അനുകൂലമാവുമെന്ന പൊന്നാനി ഇടതു മുന്നണി സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ പ്രസ്താവന ജിദ്ദയിലുള്ള പി.വി അഷ്‌റഫും ആവര്‍ത്തിക്കുന്നു.
സ്ഥാനാര്‍ഥിയായുള്ള അന്‍വറിന്റെ നിയോഗം വളരെ അപ്രതീക്ഷിതമായിരുന്നു. പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ഉണ്ടായിരുന്നില്ല. എം.എല്‍.എ എന്ന നിലയില്‍ നിലമ്പൂരില്‍  ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുവെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതില്‍ വ്യാപൃതനായിരിക്കേ വളരെ അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത്. ജനങ്ങളുമായി അടുത്ത് ഇടപഴകാനും അവരുടെ ആളായി മാറാനുമുള്ള അന്‍വറിന്റെ പ്രത്യേക കഴിവിനെ അംഗീകരിച്ചുകൊണ്ടാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയത്. അതിശക്തമായ മത്സരം കാഴ്ചവെക്കാന്‍ അന്‍വറിനാവും. ഒരു ഉത്തരവാദിത്തം ഏല്‍പിച്ചാല്‍ ഭംഗിയായി നിര്‍വഹിക്കുന്നതിന് അന്‍വറിന് പ്രത്യേക പ്രാവീണ്യമുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഓളം സൃഷ്ടിച്ച് മണ്ഡലത്തിന്റെ വികാരം തന്നെ തനിക്ക് അനുകൂലമാക്കി മാറ്റാനുള്ള അന്‍വറിന്റെ കരിഷ്മ കൂടി കണക്കിലെടുത്താവും പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. മന്ത്രി കെ.ടി. ജലീല്‍ അടക്കമുള്ള യുവനേതാക്കളുടെ വന്‍ നിരയും മണ്ഡലത്തിലുണ്ട്. അവരുടെ ശക്തമായ പിന്തുണയും അന്‍വറിനുണ്ടെന്നതും വിജയത്തിലേക്ക് അടുക്കുന്നതിന് അനുകൂല ഘടകമാണെന്ന് എം.ഇ.എസ് ജിദ്ദ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് കൂടിയായ പി.വി അഷ്‌റഫ് മലയാളം ന്യൂസിനോട് പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.വി ഷൗക്കത്തലിയുടെ 12 മക്കളില്‍ ഇളയ ആളാണ് അന്‍വര്‍. എട്ടു സഹോദരിമാരും നാലു സഹോദരന്മാരുമടങ്ങുന്നതാണ് കുടുംബം. പിതാവിന്റെ പാത പിന്തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സഹോദരിമാരുള്‍പ്പെടെ എല്ലാവരും തല്‍പരരാണ്. കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ ആദ്യ വനിതാ ചെയര്‍മാന്‍ പദവി അലങ്കരിച്ചത് സഹോദരി ഖദീജയായിരുന്നു. മറ്റൊരു സഹോദരിയും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്.
ജാതിമ മത വ്യത്യാസമില്ലാതെയും വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെയും ജനങ്ങളുടെ ഇടയില്‍നിന്ന് പ്രവര്‍ത്തിച്ച് അവരുടെ ആളായി മാറാനുള്ള അന്‍വറിന്റെ കഴിവ് ഒന്നു വേറെതന്നെയാണ്. അതുകൊണ്ടാണ് നിലമ്പൂരില്‍നിന്ന് എം.എല്‍.എ ആയത്. അതേ നിലപാടു തന്നെയായിരിക്കും പൊന്നാനിയിലും സ്വീകരിക്കുക. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായി പൊന്നാനിയില്‍ എത്തിയ പാടെ തന്നെ വന്‍ സ്വീകാര്യതയാണ് അന്‍വറിന് ലഭിച്ചത്. വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. അതിനു പിന്നില്‍ അന്‍വറിന്റെ രാഷ്ട്രീയ വളര്‍ച്ചയിലെ അസൂയയും വ്യാപര രംഗത്തെ വളര്‍ച്ചയുമാണെന്ന് അഷ്‌റഫ് പറഞ്ഞു.
എതിര്‍ സ്ഥാനാര്‍ഥി മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനെ ഒട്ടും ചെറുതായി കാണുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ലമെന്റിലെ പ്രകടനത്തേയും വിസ്മരിക്കുന്നില്ല. പക്ഷേ താഴേക്കിടയിലുള്ള ജനങ്ങള്‍ക്കു വേണ്ടത് മണ്ഡലത്തിലെ വികസനമാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട സഹായങ്ങളും വികസനവും മണ്ഡലത്തിലെത്തിക്കുന്നതില്‍ ബഷീര്‍ പരാജയമാണെന്ന വികാരം താഴേത്തട്ടിലുള്ള ജനങ്ങളിലുണ്ട്. അതു മുതലാക്കി വ്യക്തമായ വികസന കാഴ്ചപ്പാട് ജനങ്ങള്‍ മുന്‍പാകെ അവതരിപ്പിച്ചുകൊണ്ടായിരിക്കും അന്‍വര്‍ വോട്ട് അഭ്യര്‍ഥിക്കുക.
നിലമ്പൂര്‍ പൊന്നാനി മണ്ഡല പരിധിയില്‍ വരില്ലെങ്കിലും തിരൂര്‍, തിരൂരങ്ങാടി, കോട്ടയ്ക്കല്‍ മണ്ഡലങ്ങളിലെല്ലാം ഒട്ടേറെ കുടുംബ ബന്ധങ്ങളുണ്ട്. അതു പരമാവധി പ്രജോയനപ്പെടുത്താന്‍ ശ്രമിക്കും. അതിനായി കുടുംബം ഒന്നാകെ അന്‍വറിനു വേണ്ടി വോട്ടു പിടിക്കാനായി രംഗത്തുണ്ടാവും. കഴിഞ്ഞ രണ്ടു തവണ നിയസഭയിലേക്ക് മത്സരിച്ചപ്പോഴും പ്രചാരണത്തിനായി എത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇത്തവണ ഇക്ക അവസാന റൗണ്ടാവുമ്പോഴേക്കും എത്തണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാര്യാ വീട് തിരൂരങ്ങാടിയിലായതിനാല്‍ അവസാന റൗണ്ട് പ്രചാരണ വേളയില്‍ ഭാര്യാ സമേതം അവിടെ എത്തി പ്രചാരണത്തില്‍ പങ്കെടുക്കാനാണ് അഗ്രഹിക്കുന്നത്. പൊന്നാനി മണ്ഡലത്തിലെ ഒട്ടേറെ വോട്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും ജിദ്ദയിലുണ്ട്. അവരെയെല്ലാം കണ്ട് വോട്ടഭ്യര്‍ഥന നടത്തിവരികയാണ്. കഴിയുന്നത്ര പേരെ നേരില്‍ കണ്ട് അനുജന്റെ വിജയം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും ഇവിടെയുള്ള ഇടതു മുന്നണി പ്രവര്‍ത്തകരുമായി സഹകരിച്ചുകൊണ്ട് നടത്തുമെന്ന് അഷ്‌റഫ് പറഞ്ഞു.


 

 

 

Latest News