ലോക്‌സഭ തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് മുസ്‌ലിം ലീഗ്-എസ്.ഡി.പി.ഐ ബന്ധം എത്തുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് സൂചന. എസ്.ഡി.പി.ഐയുമായി ഒരു തരത്തിലുള്ള ധാരണക്കോ നീക്കുപോക്കിനോ തയ്യാറല്ലെന്ന് മുസ്‌ലിം ലീഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, ലീഗിലെ ഒരു വിഭാഗം നേതാക്കൾ എസ്.ഡി.പി.ഐ പോലുളള സംഘടനകളെ പൂർണമായും തള്ളിപ്പറയാൻ തയ്യാറാകാറില്ല. തെരഞ്ഞെടുപ്പ് കാലത്ത് ആരുടെയും വോട്ട് വേണ്ടെന്ന് പറയാനാകില്ലെന്നായിരുന്നു ഈ വിഭാഗം നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇവരുടെ വോട്ട് വേണ്ടെന്നും തെരഞ്ഞെടുപ്പിലെ ജയമല്ല പ്രധാനമെന്നും കെ.എം ഷാജി, എം.കെ മുനീർ എന്നിവരടക്കമുള്ളവർ പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. ലീഗിലെ രണ്ടു നിലപാടുകൾക്ക് മുന്നിലേക്കാണ് എസ്.ഡി.പി.ഐ-ലീഗ് ചർച്ച എന്ന വാർത്ത എത്തുന്നത്.
കൊണ്ടോട്ടി തുറക്കലിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ രഹസ്യ ചർച്ച നടന്നുവെന്ന കാര്യം ലീഗ് നേതാക്കൾ തുടക്കത്തിൽ തന്നെ തള്ളിയിരുന്നു. അവിചാരിതമായി കണ്ടതാണെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നുമാണ് ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കിയത്. തന്റെ നാട്ടുകാരൻ കൂടിയായ എസ്.ഡി.പി.ഐ നേതാവ് നാസറുദ്ദീൻ എളമരത്തെ അവിടെവെച്ച് അവിചാരിതമായി കാണുകയായിരുന്നുവെന്നും ഇ.ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർക്കുകയും ചെയ്തു. അതേസമയം, ചർച്ച നടന്നുവെന്നാണ് എസ്.ഡി.പി.ഐ നേതാവ് മജീദ് ഫൈസി ചാനൽ ചർച്ചയിൽ പ്രതികരിച്ചത്.
പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ എസ്.ഡി.പി.ഐക്ക് കാര്യമായ സ്വാധീനമുണ്ട്. 25,000-ത്തോളം വോട്ടുകളാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി സ്വന്തമാക്കിയത്. അതേസമയം, ഈ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ അവരുടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകുകയും ചെയ്തു. ഈ സഹചര്യത്തിൽ മുസ്‌ലിം ലീഗുമായി സഖ്യമുണ്ടാക്കുന്നു എന്നത് അസംബന്ധമാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറയുന്നു.
പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ ലീഗിന് ഒരുനിലക്കും എസ്.ഡി.പി.ഐയുമായുള്ള ധാരണ ഗുണം ചെയ്യില്ലെന്ന് പ്രത്യക്ഷത്തിൽ തന്നെ ബോധ്യപ്പെടും. പൊന്നാനി ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള നിരവധി പ്രദേശങ്ങളിൽ ലീഗും എസ്.ഡി.പി.ഐയും തമ്മിൽ പോര് നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെ, വർഗീയ കേസുകളിലും പോപ്പുലർ ഫ്രണ്ട് പ്രതിസ്ഥാനത്തുണ്ട്. എസ്.ഡി.പി.ഐയുമായി എന്തെങ്കിലും തരത്തിലുള്ള ചർച്ച നടത്തുന്നത് തന്നെ ലീഗ് സ്ഥാനാർഥിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ സമുദായ സമവാക്യം പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും.
എന്നാൽ, ചർച്ച നടന്നുവെന്ന് പ്രഖ്യാപിക്കുന്നതിലൂടെ എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നത് വിദൂരസാധ്യതകളാണ്. സ്ഥാനാർത്ഥിയെ നിർത്തുകയും പിൻവാതിലിലൂടെ എതിർ സ്ഥാനാർഥിയുമായി ചർച്ച നടത്തുകയും ചെയ്യുന്നതിലെ ധാർമികത ചോദ്യം ചെയ്യപ്പെടുന്നതു പോലും പരിഗണിക്കാതെ ചർച്ച നടന്നുവെന്ന് പ്രഖ്യാപിക്കുകയാണ് എസ്.ഡി.പി.ഐ നേതൃത്വം ചെയ്തത്. ഒരു ഭാഗത്ത് മണ്ഡലത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകർ സ്ഥാനാർഥിക്ക് വേണ്ടി ചുവരെഴുത്ത് നടത്തുകയും അവരുടെ തന്നെ നേതാക്കൾ എതിർപാർട്ടിയുമായി ചർച്ച നടത്തുകയും ചെയ്യുന്നുവെന്ന വാദം അത്ഭുതമുണ്ടാക്കുന്നുവെന്നാണ് ലീഗ് പ്രതികരിക്കുന്നത്.
എന്നാൽ ഇതിലെ രാഷ്ട്രീയ ധാർമികതക്കപ്പുറം, എസ്.ഡി.പി.ഐയുമായി സഹകരണം പാടില്ലെന്ന് വാദിക്കുന്ന ലീഗ് നേതാക്കളിലെ ഒരു വിഭാഗത്തെ പ്രതിരോധിക്കാൻ ഇതുവഴി സാധിക്കുമെന്ന് എസ്.ഡി.പി.ഐ കരുതുന്നത്. ഏതാനും വർഷം മുമ്പ് തങ്ങളുടെ പിന്തുണ തേടി കെ.എം ഷാജി സമീപിച്ചുവെന്ന് എസ്.ഡി.പി.ഐ(അക്കാലത്തെ എൻ.ഡി.എഫ്) അവകാശപ്പെട്ടിരുന്നു. അങ്ങിനെ തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാമെന്ന് ഷാജി വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ തുടർച്ചയുണ്ടായില്ല. കൊണ്ടോട്ടി ഗസ്റ്റ് ഹൗസിലെ ചർച്ച ലീഗിനെ പ്രതിരോധത്തിലാക്കിയേക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏറിയ സമയവും ഇതിന് വേണ്ടി ചെലവിടേണ്ടി വരുന്ന അവസ്ഥയിലേക്കാണ് ലീഗ് മാറുന്നത്.