Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു

ക്രൈസ്റ്റ്ചർച്ച് - ന്യൂസിലാന്റിലെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളിയിലേക്ക് ബസ്സിലെത്തിയ കളിക്കാര്‍ പള്ളിയില്‍ പ്രവേശിക്കാനൊരുങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ സൈനിക യൂനിഫോമിലായിരുന്നുവെന്നും ഒരാള്‍ കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. കളിക്കാര്‍ സുരക്ഷിതരാണെങ്കിലും കനത്ത ഞെട്ടലിലാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് അറിയിച്ചു.

ഹോട്ടലില്‍ തന്നെ തങ്ങാന്‍ അവരോട് നിര്‍ദേശിച്ചിരിക്കുകയാണ്. വെടിവെപ്പില്‍ മറ്റ് ഏതാനും പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മുഴുവന്‍ കളിക്കാരും ഷൂട്ടിംഗില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഓപണര്‍ തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ഭയപ്പെത്തുന്ന അനുഭവം. എല്ലാവരും പ്രാര്‍ഥിക്കുക -തമീം വെളിപ്പെടുത്തി. അല്‍ഹംദുലില്ലാ, അല്ലാഹു രക്ഷിച്ചു -വിക്കറ്റ്കീപ്പര്‍ മുശ്ഫിഖുറഹീം പറഞ്ഞു. വല്ലാത്ത ഭാഗ്യമായിരുന്നു. 'ഇതുപോലൊരു അനുഭവം ആര്‍ക്കുമുണ്ടാവാതിരിക്കട്ടെ.. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക'. വെടിവെപ്പില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. നെഞ്ചിടിപ്പ് മാറിയിട്ടില്ല. എല്ലാവരും പരിഭ്രാന്തരാണ് -ടീമിന്റെ ഹൈപെര്‍ഫോമന്‍സ് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്‍ പറഞ്ഞു. തങ്ങള്‍ പള്ളിയിലെത്തിയപ്പോള്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദുന്നൂര്‍ പള്ളിക്കുള്ളില്‍ വെടിവെപ്പ് നടന്നുകൊണ്ടിരിക്കുകയാണെന്ന് അറിയിപ്പ് ലഭിച്ചതായി ബംഗ്ലാദേശ് ഡെയിലി സ്റ്റാര്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മസ്ഹറുദ്ദീന്‍ പറഞ്ഞു. ബംഗ്ലാദേശ് കളിക്കാരോട് ഉടന്‍ ബസില്‍ കയറാനും നിലത്തു കിടക്കാനും നിര്‍ദേശിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. 

Latest News