കൊച്ചി- ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈബി ഈഡന്‍ ഉള്‍പ്പെടെ മൂന്ന് എം എല്‍ എമാര്‍ക്കെതിരെ സോളാര്‍ ലൈംഗിക പീഡന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തത് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഞെട്ടലുണ്ടാക്കി. എറണാകുളത്ത് ഹൈബി ഈഡനും കെ വി തോമസും സ്ഥാനാര്‍ഥിത്വത്തിനായി ഒപ്പത്തിനൊപ്പം പരിഗണിക്കപ്പെടുന്ന ഘട്ടത്തിലാണ് കേസ് വന്നിരിക്കുന്നത്. ഇതോടെ എറണാകുളത്ത് ഹൈബി ഈഡന്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത മങ്ങി. കെ വി തോമസിന് വേണ്ടി അണികള്‍ അനൗപചാരികമായി പ്രചാരണം തുടങ്ങുകയും ചെയ്തു.
കെ വി തോമസിന് പകരം എറണാകുളത്ത് ഹൈബി ഈഡന്‍ സ്ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ കെ വി തോമസിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായിരുന്നു. കെ വി തോമസിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പ്രതിഷേധിക്കാന്‍ ഹൈബി ഈഡനെ അനുകൂലിക്കുന്ന യുവനിര തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ പീഡനകേസില്‍ പ്രതിയായതോടെ കെ വി തോമസിന് മുന്നിലെ തടസങ്ങളെല്ലാം മാറിയിരിക്കുകയാണ്.
കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍, വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സോളാര്‍ വ്യവസായം തുടങ്ങാന്‍ എത്തിയ സംരഭകയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ക്രൈം ബ്രാഞ്ചാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ അടൂര്‍ പ്രകാശിനെയും ആലത്തൂരില്‍ അനില്‍കുമാറിനെയും പരിഗണിക്കുമ്പോള്‍ കേസ് എടുത്തതിന് പിന്നില്‍ രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മൂവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ക്രൈം ബ്രാഞ്ച് എറണാകുളം പ്രത്യേക കോടതിയില്‍ നല്‍കി.