കൊച്ചി- വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഷെഫീഖ് ഖാസിമിയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുത്തു. ഒളിച്ചു താമസിച്ച കാക്കനാട്ടെ വീട്ടിലും വൈറ്റില മൊബിലിറ്റി ഹബിന്റെ പേ ആന്റ് പാര്‍ക്ക് ഭാഗത്തുമാണ് ഇയാളെ എത്തിച്ച് തെളിവെടുത്തത്.
വിതുരയിലും തൊളിക്കോടും തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതിയെ കൊച്ചിയില്‍ എത്തിച്ചത്. നാലു ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോക്സോ കോടതിയാണ് ഖാസിമിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പീഡനം നടത്തിയ ശേഷം ഇന്നോവ കാര്‍ വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ പേ ആന്റ് പാര്‍ക്കില്‍ സൂക്ഷിച്ച ശേഷമായിരുന്നു ഷഫീഖ് ഒളിവില്‍ പോയത്. പേ ആന്റ് പാര്‍ക്കിലെ ജീവനക്കാരില്‍നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കാക്കനാടുള്ള വില്ലയിലും തെളിവെടുപ്പിനായി പൊലീസ് എത്തി. സുഹൃത്തിന്റെ സഹായത്തോടെയാണ് പ്രതി ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നത്. വീട്ടുകാരുടെ മൊഴിയെടുത്ത ശേഷം പ്രതിയുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് പോയി. നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.