Sorry, you need to enable JavaScript to visit this website.

കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എസ്.ഡി.പി.ഐ നേതാക്കളെ കണ്ടു- Video

മലപ്പുറം- തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മുസ്ലിം ലീഗിനെ വെട്ടിലാക്കി ലീഗ് എംപിമാരുടേയും എസ്ഡിപിഐ നേതാക്കളുടേയും രഹസ്യ ചര്‍ച്ച. മലപ്പുറം മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറുമാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസി എന്നിവരുടമായി കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിലെ 105-ാം നമ്പര്‍ മുറിയില്‍ കൂടിക്കാഴ്ച നടത്തിയത്. ബുധനാഴ്ച രാത്രി എട്ടരയോടെ നടന്ന ചര്‍ച്ച വൈകാതെ പുറത്തു വരികയും ചെയ്തു. കുഞ്ഞാലിക്കുട്ടിയും ഇടിയും പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്ന് പുറത്തേക്കു വരുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

അതേസമയം ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. ഹോട്ടലില്‍ വച്ച് യാദൃശ്ചികമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടു മുട്ടുകയായിരുന്നെന്നും ഇവരുമായി രാഷ്ട്രീയം ചര്‍ച്ച നടത്തേണ്ട കാര്യം മുസ്ലിം ലീഗിനില്ലെന്നും ബഷീര്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റിന് വീട് തന്റെ വീടിനടുത്താണെന്നും ചര്‍ച്ച വേണമെങ്കില്‍ കൊണ്ടോട്ടിയില്‍ വരേണ്ട കാര്യമുണ്ടോ എന്നും ഇടി ചോദിച്ചു.

 എന്നാല്‍ കൂടിക്കാഴ്ച അവിചാരിതമല്ലെന്ന്  അബ്ദുല്‍ മജീദ് ഫൈസി പ്രതികരിച്ചു. രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയാണെന്നും വിശദാംശങ്ങള്‍ പുറത്തു പറയാന്‍ കഴിയില്ലെന്നും ഫൈസി പറഞ്ഞു.

കടുത്ത മത്സരം നടക്കുന്ന പൊന്നാനി സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്ന് റിപോര്‍ട്ടുണ്ട്. ഇവിടെ ഇടതു സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ എംഎല്‍എയില്‍ നിന്നും ഇടി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേക്കാള്‍ യുഡിഎഫിന് വെറും 1071 വോട്ടിന്റെ ഭൂരിപക്ഷമെ ഉള്ളൂ. യുഡിഎഫിന് ഏറ്റവും വലിയ ഭീഷണിയും ഇതാണ്. 2014-ല്‍ പൊന്നാനിയില്‍ മത്സരിച്ച എസ്ഡിപിഐക്ക് കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ അഡ്വ. കെ.സി നസീറാണ് പൊന്നാനിയിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി. ഒറ്റയ്ക്കാണ് ഇവരുടെ മത്സരം.

Latest News