മത്സ്യബന്ധന ബോട്ടുകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നത് നീട്ടിവെക്കാനുള്ള പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ തീരുമാനം ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക് ആശ്വാസമേകും. സൗദിയിലെ മത്സ്യബന്ധന മേഖലയിൽ നേരിട്ട് 20,000 ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ സ്വദേശികളുടെ എണ്ണം വളരെ കുറവാണ്. ഇതു കണക്കിലെടുത്താണ് ഓരോ ബോട്ടിലും കുറഞ്ഞത് ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്ന നിർദേശം കഴിഞ്ഞ വർഷം മന്ത്രാലയത്തിൽ നിന്നുണ്ടായത്. ഇതിനായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം 'സ്വയ്യാദ്' പദ്ധതി ആവിഷ്‌കരിച്ചിരുന്നു. കുറഞ്ഞത് ഒരു സ്വദേശിയെയെങ്കിലും നിയമിക്കുകയെന്നതായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. വിദേശികൾ കുത്തകയാക്കി വെച്ചിരിക്കുന്ന മേഖലയിൽ സ്വദേശി സാന്നിധ്യം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.
പക്ഷേ ഉദ്ദേശിച്ച ഫലം ഉണ്ടാവാതിരിക്കുകയും മത്സ്യബന്ധന മേഖലയിലേക്ക് സ്വദേശികൾ കടന്നു വരാൻ മടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പദ്ധതി തുടരുമെങ്കിലും സ്വദേശിവൽക്കരണ നടപടികൾ നീട്ടിവെക്കാൻ തീരുമാനിച്ചത്. മാത്രമല്ല, നിബന്ധന കർക്കശമാക്കിയതോടെ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതെ മത്സ്യബന്ധന മേഖല പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. സ്വദേശിവൽക്കരണത്തിന് സാവകാശം വേണമെന്ന് ബോട്ടുടമകളും അഭ്യർഥിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം. ഈ രംഗത്തെ സൗദിവൽക്കരണത്തെക്കുറിച്ച് മന്ത്രാലയം കൂടുതൽ പഠനങ്ങൾ നടത്തും. അതിനുശേഷമേ ഇത് നടപ്പാക്കൂ എന്നാണ് അറിയിച്ചിട്ടുള്ളത്. മത്സ്യബന്ധന മേഖലയിൽ പരമ്പരാഗതമായി പ്രവർത്തിക്കുന്ന മുതിർന്ന പൗരന്മാരുടെ പങ്കാളിത്തത്തോടെയായിരിക്കും പഠനം. അവരുടെ അനുഭവസമ്പത്തു കൂടി കണക്കിലെടുത്ത് ഏതെല്ലാം രീതിയിൽ സ്വദേശി യുവാക്കളെ ഈ രംഗത്തേക്ക് ആകർഷിക്കാനാവും എന്നതിനെക്കുറിച്ച് പഠനസംഘം വിലയിരുത്തും.
ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, യെമൻ എന്നിവിടങ്ങളിൽനിന്നുള്ള വിദേശ തൊഴിലാളികളാണ് കൂടുതലായും മത്സ്യബന്ധന മേഖലയിലുള്ളത്. ഇതിൽ ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളിൽ നല്ല പങ്കും കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിന്റെ തീര ദേശങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു പേർ വർഷങ്ങളായി സൗദിയുടെ മത്സ്യ ബന്ധന മേഖലയിലുണ്ട്. തീരമേഖലയുടെ സാമ്പത്തിക, വിദ്യാഭ്യാസ വളർച്ചയിൽ നിർണായ പങ്കു വഹിച്ചിട്ടുള്ള ഇവരിൽ പലരും തൊഴിൽ നഷ്ട ഭീഷണിയിലായിരുന്നു. കുറേപേർ സ്വദേശിവൽക്കരണം നടപ്പാക്കാൻ തുടങ്ങിയതോടെ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങിയിരുന്നു. അവർക്കു മടങ്ങി വരാനും നിലവിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാതെ പിടിച്ചു നിൽക്കുവാനും മന്ത്രാലയ തീരുമാനം സഹായിക്കും.
ബോട്ടുകൾ കടലിൽ ഇറക്കാനുള്ള ലൈസൻസ് കിട്ടാൻ ഓരോ മത്സ്യബന്ധന ബോട്ടിലും ഒരു സൗദി പൗരൻ വീതം നിർബന്ധമായും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ ആവശ്യത്തിന് സ്വദേശി തൊഴിലാളികളെ കിട്ടാതെ വന്നതോടെ ലൈസൻസ് പുതുക്കുന്നതിനോ ബോട്ടുകൾ കടലിൽ ഇറക്കുന്നതിനോ കഴിയാതായി. ഇത് മത്സ്യ വില കൂടുന്നതിനും ഈ രംഗം പ്രതിസന്ധിയിലാകുന്നതിനും ഇടയാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മത്സ്യബന്ധന മേഖലയിലെ സൗദിവൽക്കരണവുമായി ബന്ധപ്പെട്ട് എല്ലാ പ്രവിശ്യകളിലെയും നിയമ, വ്യവസ്ഥകൾ ഏകീകരിക്കണമെന്നും മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പരിഷ്‌കരിക്കണമെന്നും ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന വിദഗ്ധരുടെ യോഗവും ആവശ്യപ്പെട്ടിരുന്നു. ഇതും സ്വദേശിവൽക്കരണ പരിപാടി നീട്ടിവെക്കാൻ നിദാനമായി.
താൽക്കാലികമായി സ്വദേശിവൽക്കരണം നിർത്തിവെച്ചുവെങ്കിലും സൗദി യുവാക്കൾക്ക് മത്സ്യബന്ധന മേഖലയിൽ പരിശീലനം നൽകൽ തുടരുകയും മത്സ്യബന്ധന മേഖലയിൽ സൗദികളുടെ എണ്ണം ഉയർത്തുന്നതിന് ധനസഹായ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ ഈ രംഗത്തേക്ക് കൂടുതൽ പേരെ ആകർഷിക്കാനാവുമെന്നു തന്നെയാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. അതോടൊപ്പം മത്സ്യമേഖലയുമായി ബന്ധപ്പെട്ട മറ്റ് തൊഴിലിടങ്ങളിൽ സ്വദേശിവൽക്കരണ തോത് വർധിപ്പിക്കുന്നതിനും നടപടികൾ തുടരും.
ഇതിന്റെ ഭാഗമായി രാജ്യത്ത് പുതുതായി 12 മത്സ്യബന്ധന തുറമുഖങ്ങളാണ് തുറക്കുന്നത്. മക്ക, കിഴക്കൻ പ്രവിശ്യ, മദീന, അസീർ, ജിസാൻ, തബൂക്ക് എന്നീ ആറ് പ്രവിശ്യകളിലായാണ് പുതിയ തുറമുഖങ്ങൾ. ഇതിൽ ആറ് മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമാണം പൂർത്തിയായി. 4,527 ബോട്ടുകൾക്ക് ഒരേസമയം മത്സ്യബന്ധനം നടത്താൻ കഴിയും വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇത് മത്സ്യബന്ധന മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് ജോലി ലഭിക്കാൻ സഹായിക്കും. 1,220 പേർക്ക് പദ്ധതി വഴി നേരിട്ട് ജോലി കിട്ടും. കൂടാതെ ഹോട്ടലുകൾ, കഫേകൾ റിസോർട്ടുകൾ തുടങ്ങി അനുബന്ധ സ്ഥാപനങ്ങളിലും തൊഴിൽ അവസരങ്ങൾ ഉണ്ടാകും. സ്വകാര്യ മേഖലയുമായി സഹകരിപ്പിച്ച് വിനോദ സഞ്ചാര, ഉല്ലാസ കേന്ദ്രങ്ങൾ പരിപോഷിപ്പിക്കുന്ന പദ്ധതികളും ഇതോടനുബന്ധിച്ച് ഉണ്ടാകും. മത്സ്യബന്ധന ഉപകരണങ്ങളുടെ നിർമാണം, ഗോഡൗൺ, ഇന്ധന സ്‌റ്റേഷൻ, വർക്‌ഷോപ്പ്, കോൾഡ് സ്‌റ്റോറേജ് തുടങ്ങിയവ സ്ഥാപിക്കുന്നത് ഉൾപ്പെടെ പശ്ചാത്തല സൗകര്യ വികസനത്തിലൂടെയും നൂറുകണക്കിനു തൊഴിൽ സധ്യതകൾ സൃഷ്ടിക്കും. വ്യക്തിഗത വരുമാനം ഉയർത്തുക എന്ന ഉദ്ദേശ്യത്തോടെ ഹോട്ടലുകൾക്ക് നേരിട്ട് മത്സ്യം നൽകുന്നതിന് സ്വദേശികൾക്ക് അവസരമൊരുക്കലും പരിഗണനയിലാണ്.
മത്സ്യ ബന്ധനത്തിൽ നേരിട്ട് ജോലി ചെയ്യുന്നവർക്ക് താൽക്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും അനുബന്ധ മേഖലയിൽ പണിയെടുക്കുന്നവർക്ക് തൊഴിൽ നഷ്ട ഭീഷണി തുടരുമെന്നു തന്നെയാണ് സൂചന. ഇതു കണക്കിലെടുത്താൽ ഈ രംഗത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളുൾപ്പെടെയുള്ള വിദേശികൾക്ക് പുതിയ മേച്ചിൽപുറങ്ങൾ തേടേണ്ടിവരും.