Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ വിമാനത്താവളത്തിന് ഉപദേശക സമിതി; ഗതാഗത പ്രശ്‌നം പരിഹരിക്കും

കണ്ണൂര്‍ - കണ്ണൂര്‍  അന്താരാഷ്ട്ര വിമാനത്താവളത്തില്‍  എയര്‍പോര്‍ട്ട് അഡൈ്വസറി  കമ്മിറ്റി നിലവില്‍ വന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണീ നടപടി. അഡൈ്വസറി  കമ്മിറ്റിയുടെ ആദ്യ യോഗം വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയില്‍  ചേര്‍ന്നു. റിച്ചാര്‍ഡ് ഹേ എം.പിയും മറ്റ് ഔദ്യോഗിക അംഗങ്ങളും പങ്കെടുത്തു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുളള 6 ഫീഡര്‍  റോഡുകളുടെ കാര്യത്തില്‍ സൂപ്രണ്ടിംഗ് ഓഫ് എഞ്ചിനീയറിനെയും പൊതുമരാമത്ത്(റോഡ്)വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ട് വിശദമായ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ പൊതുമരാമത്ത് റോഡില്‍ വെച്ച്  വാഹനാപകടത്തില്‍ ഓട്ടോറിക്ഷാ യാത്രക്കാരന്‍ മരണമടഞ്ഞ സംഭവം യോഗം ചര്‍ച്ച ചെയ്തു. ഈ പ്രദേശത്ത് നിലവില്‍ ട്രാഫിക് ലൈറ്റ് ഉണ്ടെങ്കിലും ട്രാഫിക് ലൈറ്റ് തെറ്റിച്ച് വാഹനങ്ങള്‍ പോകുന്നതും ട്രാഫിക് ലൈറ്റ് ശ്രദ്ധയില്‍ പെടാത്തതും അപകട കാരണമാകുന്നുവെന്ന് യോഗം വിലയിരുത്തി. ഇവിടത്തെ ട്രാഫിക് സംവിധാനത്തെക്കുറിച്ച് പഠനം നടത്താന്‍ ഡിവൈ.എസ്.പി (ഇരിട്ടി), എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍(റോഡ്)കണ്ണൂര്‍, ആര്‍.ടി.ഒ(കണ്ണൂര്‍) എന്നിവരെ  ചുമതലപ്പെടുത്തി. ഇതിനു പുറമെ അവിടെ ഹോം ഗാര്‍ഡിനേയോ സിവില്‍ പോലീസ് ഓഫീസറെയോ ട്രാഫിക് നിയന്ത്രിക്കുന്നതിന് നിയോഗിക്കുവാന്‍ ഇരിട്ടി ഡിവൈ.എസ്.പി യെ ചുമതലപ്പെടുത്തി. അതോടൊപ്പം നിലവിലുളള  ട്രാഫിക് സിഗ്നല്‍ പോസ്റ്റില്‍   അടിയന്തരമായി ഡ്രൈവര്‍ക്ക് കാണാന്‍ പറ്റാവുന്ന ഉയരത്തില്‍ ഒരു സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. നിലവിലുളള സിഗ്നല്‍ ലൈറ്റ്  24 മണിക്കൂറും  പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനം ഒരുക്കും. സ്ഥിര സംവിധാനം മേല്‍ പറഞ്ഞ 3 ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍  സ്വീകരിക്കും. മരണമടഞ്ഞ യാത്രക്കാരന്റെ  കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായ ധനം ലഭ്യമാക്കുവാനുളള നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ ചെയര്‍മാന്‍ അറിയിച്ചു. അതോടൊപ്പം അപകടത്തില്‍ മരിച്ച ആളുടെ, ഓട്ടിസം ബാധിച്ച മകള്‍ക്ക് പുനരധിവാസം നല്‍കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളോട് ആവശ്യപ്പെടുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

കണ്ണൂര്‍  അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് നേരത്തെ ആരംഭിച്ച ഡ്രൈനേജുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് ഊരാളുങ്കല്‍ ലേബര്‍  കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സെസൈറ്റി, മൈനര്‍ ഇറിഗേഷന്‍ വകുപ്പ് എന്നിവയെ പങ്കെടുപ്പിച്ച് മുഖ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വെച്ച് യോഗം ചേരുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. കണ്ണൂര്‍  അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് നേരത്തേതന്നെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിക്കാമെന്ന് തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം പ്രാവര്‍ത്തികമാകാത്തതിനെ തുടര്‍ന്ന് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍  കണക്കിലെടുത്ത്  അടിയന്തരമായി നടപ്പിലാക്കുന്നതിന് ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

 

Latest News