റിയാദ് - ആറു അതിർത്തി പ്രവേശന കവാടങ്ങളിൽ ശീതീകരിച്ച ഉൽപന്നങ്ങൾ സ്വീകരിക്കുന്നത് നിർത്തിവെക്കുന്നതിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി തീരുമാനിച്ചു. ഏപ്രിൽ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. അതോറിറ്റിയുടെ നിരീക്ഷണ ചുമതലയിൽ വരുന്ന ശീതീകരിച്ചതും ഫ്രോസനും ആയ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഖഫ്ജി, ഹാല അമ്മാർ, അൽദുറ, ദിബാ, അൽവദീഅ, ഡ്രൈഡോക്ക് പ്രവേശന കവാടങ്ങളിൽ സ്വീകരിക്കുന്നതാണ് നിർത്തിവെക്കുന്നത്.
ശീതീകരിച്ച ഉൽപന്നങ്ങൾ സ്വീകരിക്കുന്നതിന് ഏതാനും അതിർത്തി പ്രവേശന കവാടങ്ങൾ നിശ്ചയിച്ചിക്കുന്നതിനും പ്രത്യേകം സജ്ജീകരിക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വാണിജ്യാവശ്യങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ പതിനാറു അതിർത്തി പ്രവേശന കവാടങ്ങളിൽ സ്വീകരിക്കും. റിയാദ് കിംഗ് ഖാലിദ് എയർപോർട്ട്, റിയാദ് ഡ്രൈഡോക്ക്, ജിദ്ദ ഇസ്‌ലാമിക് പോർട്ട്, ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട്, റാബിഗ് കിംഗ് അബ്ദുല്ല എയർപോർട്ട്, മദീന വിമാനത്താവളം, ദിബാ തുറമുഖം, ബത്ഹ, കിംഗ് അബ്ദുൽ അസീസ് തുറമുഖം, കിംഗ് ഫഹദ് വിമാനത്താവളം, കിംഗ് ഫഹദ് കോസ്‌വേ, ഖഫ്ജി, അൽവദീഅ, അൽഹദീഥ, ഹാല അമ്മാർ, അൽദുറ അതിർത്തി പോസ്റ്റുകളിലാണ് വാണിജ്യാവശ്യങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ സ്വീകരിക്കുക.