റിയാദ് - ഇന്ത്യൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാനുമായും വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭുവുമായും ന്യൂദൽഹിയിൽ നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഊർജം, പശ്ചാത്തല വികസനം, വ്യവസായം അടക്കം വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇന്ത്യയിലെ വൻകിട വ്യവസായികളുമായും താൻ ഫലപ്രദമായ ചർച്ചകൾ നടത്തിയതായി ഖാലിദ് അൽഫാലിഹ് പറഞ്ഞു.
ശക്തമായ സാമ്പത്തിക വളർച്ചക്ക് സാക്ഷ്യം വഹിക്കുന്ന ഇന്ത്യയുമായി വ്യവസായ മേഖലയിൽ സമഗ്ര പങ്കാളിത്തത്തിനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. മുമ്പില്ലാത്ത വിധമുള്ള പരിഷ്‌കരണങ്ങൾ നടപ്പാക്കിയതിന്റെ ഫലമായി ലോകത്ത് ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയിലേതെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ ഇന്ത്യയിൽ നടത്തുന്ന നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമായി മാറിയിട്ടുണ്ട്. നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കിയിട്ടുമുണ്ട്. ഇന്ത്യയിൽ എണ്ണ ഉപഭോഗം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. പ്രതിദിന എണ്ണ ഉപഭോഗം 50 ലക്ഷം ബാരലിനു മുകളിലേക്ക് ഉയർന്നിട്ടുണ്ട്. ലോകത്ത് എണ്ണ ഉപഭോഗം ഏറ്റവും കൂടിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഇന്ത്യയിൽ 2,200 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ എത്തി. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണിത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നാണ് ഇന്ത്യ.
സൗദി അറേബ്യയിൽനിന്ന് പ്രതിമാസം രണ്ടര കോടി ബാരൽ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് പ്രതിബന്ധം നേരിട്ടതോടെ ഇന്ത്യക്ക് പ്രതിമാസം 40 ലക്ഷം ബാരൽ തോതിൽ അധികം ക്രൂഡ് ഓയിൽ സൗദി അറേബ്യ നൽകി. ഇറാൻ എണ്ണ കയറ്റുമതിക്കെതിരായി അമേരിക്കൻ സാമ്പത്തിക ഉപരോധം നടപ്പാക്കിയശേഷം ഇന്ത്യയുടെ എണ്ണ ലഭ്യതയിലുള്ള ഏതു കുറവും നികത്തുന്നതിന് സൗദി അറേബ്യക്ക് സാധിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
സ്വകാര്യ മേഖലാ എണ്ണക്കമ്പനിയായ എസ്സാർ ഓയിൽ ലിമിറ്റഡിലും നിക്ഷേപം നടത്തുന്നതിന് സൗദി അറാംകൊക്ക് പദ്ധതിയുണ്ട്. എസ്സാർ ഓയിലിനു കീഴിലെ റിഫൈനറികളുടെ 49 ശതമാനം ഓഹരികൾ 300 കോടി ഡോളറിന് സൗദി അറാംകൊക്ക് വിൽപന നടത്തുന്നതിന് കമ്പനിക്ക് പദ്ധതിയുണ്ട്. ഏഷ്യയിൽ എണ്ണ സംസ്‌കരണ മേഖലയിൽ ശക്തമായ മത്സരം കാഴ്ചവെക്കുന്നതിനാണ് സൗദി അറാംകൊയുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യ പദ്ധതിയിടുന്നത്.