കാസര്‍കോട്- പെരിയ കല്യോട്ടെ ഇരട്ടക്കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. പെരിയ തന്നിത്തോട്ടെ എ.മുരളി (36)യെയാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എം.പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത മുരളിയെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തതിന് ശേഷം ഇന്നലെ വൈകുന്നേരം ആറര മണിയോടെ കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് രാവിലെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫാസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കും. പെരിയ, കല്യോട്ട് ഭാഗങ്ങളിലെ പെയിന്റിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ മുരളി. കൊലപാതകം നടത്തിയതിന് ശേഷം പ്രതികളെ കാറില്‍ കയറ്റി കൊണ്ടുപോയി രക്ഷപ്പെടാന്‍ സഹായിച്ചത് മുരളിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് മുരളി അന്വേഷണ സംഘത്തിന്റെ വലയിലായത്. വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുത്ത ശേഷമാണ് അറസ്റ്റുണ്ടായത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ പ്രതികള്‍ മുരളിയെ സ്‌നേഹത്തോടെ വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് പറയുന്നത്. കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെയാണ് കൊലപാതകം നടത്തിയവരാണെന്ന് തിരിച്ചറിയുന്നതെന്നാണ് മുരളി ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയത്. അതേസമയം ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് സംഘം കൈമാറിയ കേസ് ഡയറിയില്‍ അറസ്റ്റിലായ മുരളിയുടെ കാര്യം പറഞ്ഞിരുന്നു എന്നാണ് അറിയുന്നത്. കേസില്‍ സി.പി.എം പെരിയ മുന്‍ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനടക്കം ഏഴ് പ്രതികള്‍ കൊലക്കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ആദ്യം കേസ് അന്വേഷിച്ച ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി പ്രദീപ്കുമാറും സംഘവുമാണ് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രി ഏഴരയോടെയാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാല്‍, കൃപേഷ് എന്നിവരെ ഒരു സംഘം വെട്ടിക്കൊന്നത്. കേസില്‍ മുഖ്യ പ്രതി പീതാംബരന്‍, സജി ജോര്‍ജ്, പെരിയ കല്യോട്ട് എച്ചിലടുക്കം സ്വദേശി കെ.എം സുരേഷ് (27), എച്ചിലടുക്കത്തെ കെ. അനില്‍കുമാര്‍ എന്ന അമ്പു (33), ബേഡകം കുണ്ടംകുഴിയിലെ എ.അശ്വിന്‍ എന്ന അപ്പു (18), കല്യോട്ടെ ശ്രീരാഗ് എന്ന കുട്ടു (22), കല്യോട്ടെ ജി.ഗിജിന്‍ (26) എന്നിവരെയാണ് ലോക്കല്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ ബേക്കല്‍ സി.ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കല്യോട്ടെ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. അതിനിടയിലാണ് കൊലക്കേസില്‍ പുതിയ അറസ്റ്റ് ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.