ദുബായ്- ലോകത്തെ ഏറ്റവും വിലയുള്ള പെര്‍ഫ്യൂം ദുബായില്‍. ശുമുഖ് എന്ന് പേരിട്ട പെര്‍ഫ്യൂം മൂന്നു വര്‍ഷത്തെ സാധനക്ക് ശേഷമാണ് വികസിപ്പിച്ചത്. വില 4.752 ദശലക്ഷം ദിര്‍ഹം.
494 സുഗന്ധ ദ്രവ്യ കൂട്ടുകള്‍ പരീക്ഷിച്ച ശേഷമാണ് ഈ പെര്‍ഫ്യൂം വികസിപ്പിച്ചത്. എന്നാല്‍ ഇത് വാങ്ങുമ്പോള്‍ പെര്‍ഫ്യൂം മാത്രമല്ല കിട്ടുക. വില കൂടാന്‍ കാരണവും മറ്റൊന്നല്ല.
3500 തിളങ്ങുന്ന രത്‌നങ്ങള്‍, മുത്തുകള്‍, രണ്ട് കിലോയോളം 18 കാരറ്റ് സ്വര്‍ണം, അഞ്ച് കിലോ ശുദ്ധ വെള്ളി എന്നിവയൊക്കെ അടങ്ങിയ വലിയൊരു പാക്കറ്റാണ് ഈ പെര്‍ഫ്യൂം പാക്കറ്റ്.
ആഡംബര കുപ്പിക്ക് 1.97 മീറ്റര്‍ ഉയരമുണ്ട്. ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കള്‍ കൊണ്ടാണ് പെര്‍ഫ്യൂം നിര്‍മിച്ചിരിക്കുന്നതത്രെ. ഒരു പ്രാവശ്യം പൂശിയാല്‍ 30 ദിവസം വരെ സുഗന്ധം നിലനില്‍ക്കും.