തിരുവനന്തപുരം- നഗരത്തില്‍നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മൃതദേഹം കരമന ദേശീയപാതയ്ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. ബാലു, റോഷന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്തുവും മറ്റൊരു സംഘവുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതാണ് സംഭവത്തിന്റെ പിന്നിലെന്നാണ് സൂചന.
ബൈക്കില്‍ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്തുവിനെ രണ്ട് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. അനന്തുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസിലാകുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. തമ്പാനൂര്‍ ഭാഗത്താണ് അവസാനമായി സംഘത്തെ കണ്ടത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് യുവാക്കളെന്ന് പോലീസ് പറഞ്ഞു. അനന്തുവിനെ എഴുപേര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് വരികയാണ്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.