തിരുവനന്തപുരം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാലുദിവസത്തെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് പോക്‌സോ കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഡി.അശോകന്റെ നേതൃത്വത്തില്‍ പ്രതിയുമായി വിതുരയില്‍ തെളിവെടുപ്പ് നടത്തി. പീഡനം നടന്നുവെന്ന് പറയുന്നു പേപ്പാറയിലാണ് ആദ്യം തെളിവെടുപ്പു നടത്തിയത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി കാറിലെത്തിയപ്പോള്‍ തൊഴിലുറപ്പു തൊഴിലാളികള്‍ തടഞ്ഞ സ്ഥലത്തും തെളിവെടുത്തു. പെണ്‍കുട്ടിയെ ഇയാള്‍ കാറില്‍ കയറ്റിയ വിതുര കലുങ്കിലെ കാത്തിരിപ്പു കേന്ദ്രം, ഷെഫീഖ് വീടുപണിയുന്ന തൊളിക്കോട് തുരുത്തി, തൊളിക്കോട് ടൗണ്‍ എന്നിവിടങ്ങളിലും തെളിവെടുപ്പിനെത്തി.
വൈറ്റില പേ ആന്‍ഡ് പാര്‍ക്കിലാണ് ഷെഫീഖ് രക്ഷപ്പെട്ട വാഹനം ഒളിപ്പിച്ചിരുന്നത്. ഇവിടത്തെ ജീവനക്കാരില്‍നിന്നു തെളിവെടുക്കും. ഒളിവില്‍ കഴിഞ്ഞിരുന്ന കല്ലറ, പെരുമ്പാവൂര്‍, കോയമ്പത്തൂര്‍, പടമുകള്‍, തൃപ്പൂണിത്തുറ, മധുര, വിശാഖപട്ടണം എന്നിവിടങ്ങളിലും കൊണ്ടുപോകും.
കേസില്‍ ഒരു പഞ്ചായത്തംഗം ഉള്‍പ്പെടെ ആറു പേരെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഷെഫീഖിനെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചതും പണം നല്‍കിയതും ഇവരാണെന്ന് പോലീസ് പറയുന്നു.
ഷെഫീഖിന്റെ സഹോദരങ്ങളായ അല്‍ അമീന്‍, നൗഷാദ്, സഹോദരീഭര്‍ത്താവ് കബീര്‍, ഡ്രൈവര്‍ ഫസില്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.