മലപ്പുറം- ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ചു വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടത്തിവരികയായിരുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. കാമറൂൺ നോർത്ത് വെസ്റ്റ് റീജിയൺ സ്വദേശിയായ ഫിദൽ അതൂദണ്ടയോങ്ങി (37)നെയാണ് മഞ്ചേരി പോലീസ് ഹൈദരാബാദ് ശംഷാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാൾ ഇടക്കിടെ താമസസ്ഥലം മാറുന്നതിനാൽ മഞ്ചേരി പോലീസ് മുമ്പു മൂന്നു തവണ നടത്തിയ ഓപ്പറേഷനുകളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിലെത്തിയ ഫിദൽ അതൂദണ്ടയോങ്ങ് വിസ പുതുക്കാതെ അനധികൃതമായാണ് രാജ്യത്ത് തങ്ങിയിരുന്നത്. സൈബർ കുറ്റവാളികളെ പിടികൂടാൻ മഞ്ചേരി പോലീസ് സൈബർ ഫോറൻസിക് ടീം നടത്തുന്ന ഓപ്പറേഷനിലൂടെയാണ് ഇയാൾ പിടിയിലായത്. ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു കാമറൂൺ, നൈജീരിയ സ്വദേശികളടക്കം പത്തു പേരെയാണ് മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലായി കഴിഞ്ഞ എട്ടു മാസത്തിനിടെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ പ്രതി ഉൾപ്പെട്ട സംഘം നടത്തിയതായി കണ്ടെത്തി. രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികൾക്ക് കീഴിലുള്ള കോളേജുകളിൽ പഠനം നടത്താനെന്ന മട്ടിൽ വിസ സംഘടിപ്പിച്ചു വരുന്ന ഇത്തരം തട്ടിപ്പുകാർ കോളേജുകളിൽ കൃത്യമായി പോകാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു ധനാപഹരണം നടത്തുകയാണ് ചെയ്യുന്നത്. മഞ്ചേരിയിലെ ഒരു മെഡിക്കൽ മൊത്തവിതരണ സ്ഥാപനത്തിന്റെ പേരും രസീതും വെബ്‌സൈറ്റും മറ്റും ഉപയോഗിച്ചു ആരോ വിവിധ ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നു പറഞ്ഞു ഇതര സംസ്ഥാനക്കാരനായ ഒരാൾ പരാതിക്കാരനെ ബന്ധപ്പെട്ടതിനെ തുടർന്ന് നൽകിയ കേസിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിർദേശ പ്രകാരം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സി.ഐ എൻ.ബി.ഷൈജു എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ ഷഹബിൻ, സൽമാൻ, എം.പി.ലിജിൻ എന്നിവരാണ് ഹൈദരാബാദിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നേരത്തെ സംഘത്തിലെ കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന കാമറൂൺ സ്വദേശികളായ അകുംബെ ബോമഞ്ചിവ, ലാങ്ങ്ജി കിലിയൻ കെങ്ങ് എന്നിവരെ ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിന് പണം കൈപ്പറ്റാൻ സഹായിക്കുന്ന രാജസ്ഥാൻ സ്വദേശികളായ മുകേഷ് ചിപ്പ, സന്ദീപ് മൊഹീന്ദ്ര എന്നിവരെ രാജസ്ഥാനിലെ ചിറ്റോർഡഗിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം കൻഡോൺമെന്റ് പോലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ കേസുണ്ട്.