ദുബായ്- മൂന്നുമാസം പ്രായമുള്ള കുഞ്ഞുമായി അമിതവേഗത്തില്‍ എമിറേറ്റിലെ റോഡുകളിലൂടെ പാഞ്ഞ 28 കാരനായ സ്വദേശി മയക്കുമരുന്നിന് അടിമയായിരുന്നെന്ന് പോലീസ്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ പോലീസ് സാഹസികമായി പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് കോടതിയെ അറിയിച്ചു.
യുവാവിന്റെ കൈവശം മയക്കുമരുന്ന് ഉള്ളതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് പോലീസ് ഇയാളുടെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു. പോലീസിനെ കണ്ടതോടെ യുവാവ് കാര്‍ അതിവേഗത്തില്‍ ഓടിച്ചുപോയി. അഞ്ച് എമിറേറ്റുകളിലൂടെയും ഇയാള്‍ നിര്‍ത്താതെ ഓടിച്ചു. പലേടത്തും സിഗ്നല്‍ കട്ട് ചെയ്താണ് പോയത്. ഇത് മറ്റ് യാത്രക്കാരെക്കൂടി അപകടത്തിലെത്തിച്ചതായി പോലീസ് കോടതിയില്‍ പറഞ്ഞു.
ഒടുവില്‍ റാസല്‍ ഖൈമയില്‍വെച്ചാണ് ഇയാളെ പോലീസ് പട്രോള്‍ വാഹനങ്ങള്‍ വളഞ്ഞ് പിടികൂടിയത്. ഹഷീഷും ഹെറോയിനുമടക്കമുള്ള ലഹരിവസ്തുക്കള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തു. അപകടകരമായി കാറോടിക്കുമ്പോള്‍ രണ്ട് സ്ത്രീകളും മൂന്നു മാസം പ്രായമുള്ള കുഞ്ഞും കാറിലുണ്ടായിരുന്നു.