തിരുവനന്തപുരം- ഇത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പാണ്. പിണറായി വിജയൻ നേരിട്ട് നയിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ്. പിണറായി മുഖ്യമന്ത്രിയായ കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പോലും അദ്ദേഹമായിരുന്നില്ല നയിച്ചത്.
ജനപ്രിയ നേതാവ് വി.എസ്.അച്യുതാനന്ദനായിരുന്നു അന്ന് പട നയിച്ചത്. വിജയം വന്നപ്പോൾ വി.എസിനെ തഴഞ്ഞതും മറ്റും വലിയ കോലാഹലമായിരുന്നു. വി.എസിന്റെ ബലത്തിൽ മുഖ്യമന്ത്രികസേര അടിച്ചെടുത്തു എന്ന പേരുദോഷവും പിണറായിക്ക് കിട്ടി. ഇപ്പോഴിതാ പിണറായി വിജയൻ ഒറ്റക്കാണ് അങ്കം നയിക്കുന്നത്. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ മുഖ്യപ്രചാരകനും പിണറായി തന്നെ.
പാർട്ടി സെക്രട്ടറി എന്ന നിലയിൽ നിരവധി തെരഞ്ഞെടുപ്പുകളുടെ പിന്നിൽ പിണറായി ഉണ്ടായിരുന്നു. പല തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. അന്നൊന്നും മുഖ്യപ്രചാരകനായി അദ്ദേഹത്തിന് നിൽക്കേണ്ടി വന്നില്ല. ജനങ്ങളെ ആകർഷിക്കുന്ന നേതാക്കൾ വേറെ ഉണ്ടായിരുന്നു. എ.കെ.ജി, ഇ.എം.എസ് തുടങ്ങിയവരായിരുന്നു സി.പി.എമ്മിനേയും ഇടതുമുന്നണിയേയും നയിച്ചത്.
കാലം കടന്നപ്പോൾ പിണറായി നേതൃസ്ഥാനത്തേക്ക് ഉയർന്നുവന്നെങ്കിലും ജനസ്വീകാര്യതയുടെ കാര്യം കമ്മിയായിരുന്നു. സി.പി.എമ്മിന്റെ ഏറ്റവും ജനകീയനായ നേതാവ് എ.കെ.ജിയുടെ തണലിലായിരുന്നു സി.പി.എം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യതെരഞ്ഞെടുപ്പുകൾ നേരിട്ടത്. ഒപ്പം ഇ.എം.എസിന്റെ അടവുനയങ്ങളും തന്ത്രങ്ങളും. ഇരുനേതാക്കളും വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു. ഇ.എം.എസ് അവസാനകാലം വരെ ജനക്കൂട്ടത്തെ പിടിച്ചിരുത്തി. പല തെരഞ്ഞെടുപ്പുകളിലേയും ആകർഷണം പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഇ.എം.എസ് തന്നെയായിരുന്നു.
ഇ.എം.എസിന് ശേഷം ഇ.കെ. നായനാർ തെരഞ്ഞെടുപ്പ് വേദികളിലെ തിളക്കമേറിയ താരമായി. തന്റെ ജനകീയത തന്നെയായിരുന്നു അദ്ദേഹത്തെ തെരഞ്ഞെടുപ്പ് വേദികളിൽ താരമാക്കിയത്. സി.പി.എമ്മിന്റെ ക്രൗഡ്പുള്ളറായിരുന്നു അദ്ദേഹം. നർമ്മത്തിലൂടെ രാഷ്ട്രീയ വിഷയങ്ങളെ ജനങ്ങളിൽ എത്തിക്കുന്ന ശൈലിയായിരുന്നു നായനാരുടെത്.
പ്രസംഗത്തിന്റെ രസനീയതയില്ലെങ്കിലും സി.പി.എമ്മിന്റെ അടുത്തകാലത്തെ ഏറ്റവും വലിയ ജനകീയനേതാവ് വി.എസ്. അച്യുതാനന്ദൻ തന്നെയാണ്. പാർട്ടികൾക്കതീതമായ ആരാധന വി.എസിന് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വി.എസിനെ കാണാനും കേൾക്കാനും വലിയ ജനാവലിയാണ് അദ്ദേഹം എത്തിയ സ്ഥലങ്ങളിലെല്ലാം തടിച്ചുകൂടിയത്. വി.എസ് വീണ്ടും മുഖ്യമന്ത്രിയാകുന്നതിനായി സ്ത്രീകളടക്കം കക്ഷിഭേദമന്യേ വോട്ടു ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം അവർ നിരാശരായി.
ഈ തെരഞ്ഞെടുപ്പിൽ വി.എസ് പ്രചാരണരംഗത്ത് ഉണ്ടാകാനിടയില്ല. അനാരോഗ്യം തന്നെയാണ് കാരണം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേയും ഇടതു സ്ഥാനാർഥികൾ വി.എസിനെ പ്രതീക്ഷിക്കുന്നു. എന്നാൽ വി.എസ് രംഗത്തിറങ്ങാനിടയില്ല.
പാർട്ടിയുടെ ദേശീയ നേതാക്കൾക്കൊന്നും സംസ്ഥാനത്ത് പത്താളെ കൂട്ടാൻ കഴിയില്ല. ജനത്തെ ആകർഷിക്കാൻ കഴിയുന്നവരല്ലെന്നതുതന്നെ കാരണം. യുദ്ധം നയിക്കുന്ന പിണറായിക്കും ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയാറില്ല. മറ്റുപല മാർഗത്തിലൂടെ പൊതുസമ്മേളനത്തിൽ ജനത്തെ എത്തിക്കുമെന്ന് മാത്രം. അങ്ങനെ നോക്കുമ്പോൾ പിണറായി വിജയൻ എന്ന നേതാവിന്റെ ജനപ്രിയത അളക്കുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.