കോട്ടയം- രാജ്യം രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ചൂടിലമരുമ്പോൾ മുൻ ഉപപ്രധാനമന്ത്രി കൂടിയായ എൽ.കെ.അദ്വാനി കുമരകത്ത് വിശ്രമത്തിൽ. ഇന്നലെ രാത്രിയാണ് എൽ.കെ.അദ്വാനി, മകൾ പ്രതിഭാ അദ്വാനി, രണ്ടു മക്കളും കുമരകത്ത് എത്തിയത്. ഇവിടെ രണ്ടു ദിവസം കുടുംബ സമേതം താമസിക്കും. ഇന്ന് കാലാവസ്ഥ അനുകൂലമാണെങ്കിൽ വേമ്പനാട് കായലിൽ ബോട്ടിംഗിനും പരിപാടിയുണ്ട്.
ബി.ജെ.പി ജില്ലാ നേതൃത്വം അദ്വാനിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. നേരത്തെ അദ്വാനിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ സ്വീകരണം നൽകി. ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ.കെ മോഹൻദാസ്, ബി.ജെ.പി മധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി ശങ്കരൻകുട്ടി, ജില്ല ജനറൽ സെക്രട്ടറിമാരായ എം.എൻ മധു, അഡ്വ.കെ.എസ് ഷൈജു, പി.ടി മുരളി, എം.എൻ ഗോപി, എം.എ ബ്രഹ്മരാജ് സതീശൻ തുടങ്ങിയവർ സ്വീകരിച്ചു.
കൊച്ചിയിൽ നിന്ന് കോട്ടയത്തേക്ക് പോകുന്നതിനിടെ, സി.പി.എം പ്രകടനത്തിൽ കുടുങ്ങാതിരിക്കാൻ അദ്വാനിയെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആലപ്പുഴ കുത്തിയതോട് സ്റ്റേഷനിലാണ് പത്ത് മിനിറ്റോളം അദ്വാനി ചെലവിട്ടത്.