ജിദ്ദ - സൗദിയിൽ വോക്‌സ് സിനിമാസ് സ്‌ക്രീനുകളിൽ ഒറ്റയടിക്ക് 21 അറബ്, വിദേശ സിനിമകളുടെ പ്രദർശനം ആരംഭിച്ചു. ജിദ്ദ റെഡ് സീ മാളിലെയും തലസ്ഥാന നഗരിയിലെ റിയാദ് പാർക് മാളിലെയും വോക്‌സ് സിനിമാസ് സ്‌ക്രീനുകളിലാണ് പുതിയ സിനിമകളുടെ പ്രദർശനം ആരംഭിച്ചത്. ഇവയിൽ ഭൂരിഭാഗവും ഈ വർഷം നിർമിച്ചവയാണ്. ഫാമിലികൾക്കും യുവാക്കൾക്കും പ്രത്യേകം പ്രത്യേകം പ്രദർശനങ്ങളും വോക്‌സ് സിനിമാസ് ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്.
ഹോളിവുഡ് ഹൊറർ സിനിമയായ എസ്‌കേപ് റൂം, കോമഡി സിനിമകളായ ദി അപ്‌സൈഡ്, ടോട്ടൽ ധമാൽ എന്നിവ വോക്‌സ് സിനിമാസ് സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സൗദി സിനിമയായ ബിലാലിന്റെ പ്രദർശനങ്ങളും വോക്‌സ് സിനിമാസിലുണ്ട്. ഈജിപ്ഷ്യൻ കോമഡി സിനിമയായ ഐഷ് ഹയാതക്, നാദി അൽരിജാൽ അൽസിരി, അൽബദ്‌ല, ഡ്രാമയായ ഖിസ്സതു ഹുബ്ബ്, ലെബനീസ് സിനിമയായ അൽമഹ്‌റാജാ എന്നീ സിനിമകളുടെ പ്രദർശനങ്ങളും വോക്‌സ് സിനിമാസിലുണ്ട്.
അനിമേഷൻ സിനിമകളായ ദി ലീഗോ മൂവി 2, ഹാപ്പി ഡെത്ത് ഡേ, അണ്ടർ ദി സീ, ബ്യൂട്ടിഫുൾ പ്ലാന്റ്, ഹബ്ബിൾ, റാൽഫ് ബ്രേയ്ക് ദി ഇന്റർനെറ്റ്, സ്‌പൈഡർമാൻ ഇന്റു ദി സ്‌പൈഡർ വെഴ്‌സ്, കാസ്റ്റ്‌സ്, ഹൗ ടു ട്രെയിനിംഗ് യുവർ ഡ്രാഗൺ എന്നിവയും ആക്ഷൻ സിനിമകളായ കോൾഡ് പർസ്യൂട്ട്, ഗ്ലാസ്സ്, അക്വാമാൻ, ജോണി ഇംഗ്ലീഷ് സ്‌ട്രൈക്‌സ് എഗൈൻ എന്നീ സിനിമകളും വോക്‌സ് സിനിമാസ് സ്‌ക്രീനുകളിൽ പ്രദർശനത്തിനുണ്ട്.
സൗദി സിനിമയായ റോലം വോസ്‌ക് സിനിമാസ് പ്രദർശിപ്പിക്കുന്നുണ്ട്. ഈ സിനിമയുടെ ആദ്യ സ്വകാര്യ പ്രദർശനം ഇന്ന് ജിദ്ദ റെഡ് സീ മാൾ വോക്‌സ് സിനിമാസ് സ്‌ക്രീനിൽ നടക്കും. പൊതുജനങ്ങൾക്കു വേണ്ടിയുള്ള പ്രദർശനം നാളെയാണ്. ഈ സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരും വേഷമിടുന്ന അഭിനേതാക്കളും സൗദികളാണ്. മൂന്നു വർഷമെടുത്താണ് സിനിമയുടെ ചിത്രീകരണവും നിർമാണവും പൂർത്തിയാക്കിയത്. സിനിമയുടെ നിർമാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അബ്ദുൽഇലാഹ് അൽഖുറശി ആണ്.