കോട്ടയം - പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫിന്റെ ആവശ്യം തള്ളി കേരള കോൺഗ്രസ് എം സ്ഥാനാർഥിയായി അഡ്വ. തോമസ് ചാഴികാടനെ പാർട്ടി തീരുമാനിച്ചു. ഒരു പകൽ മുഴുവൻ പാലായിലെ വസതിയിലും പിന്നീട് വൈകുന്നേരം രഹസ്യകേന്ദ്രത്തിലും നടത്തിയ യോഗത്തിനു ശേഷമാണ് ഏറ്റുമാനൂർ മുൻ എംഎൽഎ കൂടിയായ തോമസ് ചാഴികാടനെ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചത്്. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്്.
രാത്രി ഒൻപതുമണിയോടെയാണ് കേരള കോൺഗ്രസ് എം ചെയർമാന്റെ പ്രസ്താവന വാട്‌സ്ആപ്പിലൂടെ പ്രസിദ്ധീകരണത്തിന് നൽകിയത്. കേരള കോൺഗ്രസ് എം മത്സരിക്കുന്ന കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയായി കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗമായ തോമസ് ചാഴിക്കാടൻ എക്‌സ് എംഎൽഎയെ പ്രഖ്യാപിക്കുവെന്നായിരുന്നു അറിയിപ്പ്്.
തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ പാർലമെന്റിലേക്ക് പോകണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച ജോസഫിനെ പ്രതിരോധിക്കുന്നതിന് സഹായിച്ചത്് കോട്ടയം ഉൾപ്പടെയുളള മാണി ഗ്രൂപ്പ് ജില്ലാ ഘടകങ്ങളുടെ നിലപാടാണ്്. ജോസഫിനെ സ്ഥാനാർഥിയാക്കരുതെന്ന്് ഇവർ ഇന്നലെ പരസ്യമായി തന്നെ ആവശ്യപ്പെട്ടു. രാവിലെ മുതൽ പാലായിലെ കരിങ്ങോഴയ്ക്കൽ വസതിയിൽ നടന്ന കൂടിയാലോചനകളുടെ ഒടുവിലാണ് ക്‌നാനായ ക്രൈസ്തവ സമുദായംഗംകൂടിയായ തോമസ് ചാഴികാടനെ നിശ്ചയിച്ചത്്. പ്രിൻസ് ലൂക്കോസ്്. സ്റ്റീഫൻ ജോർജ് എന്നി പേരുകളും പരിഗണനയ്ക്കു വന്നിരുന്നു. കെ.എം മാണിയും ജോസ് കെ മാണിയും റോഷി അഗസ്റ്റിനും സിഎഫ് തോമസും ചേർന്നു നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് അന്തിമ തീരുമാനം എടുത്തത്്.
ഇതോടെ പി ജെ ജോസഫിനെ പൂർണ്ണമായും പാർട്ടി തഴഞ്ഞു. ജോസഫിനെ മത്സരിപ്പിക്കേണ്ട എന്ന് പാലായിൽ രാവിലെ ചേർന്ന കേരളാ കോൺഗ്രസിന്റെ നേതൃയോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം ദൂതൻ വഴി പി.ജെ ജോസഫിനെ അറിയിച്ചതായും മാണി ഗ്രൂപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഞായറാഴ്ച്ച ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലും തുടർന്ന്് നടന്ന സ്റ്റിയറിംഗ് കമ്മറ്റിയിലും തീരുമാനം ആകാതെ വന്നതിനെ തുടർന്ന്് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ചെയർമാൻ കെ എം മാണിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് കൂടിയാലോചനാ വേദി പാലായിലെ വസതിയിലേക്ക് മാറിയത്്. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കേണ്ടെന്നും കഴിവുള്ളവർ വേറെ ധാരാളം പാർട്ടിയിലുണ്ടെന്നും കോട്ടയം ജില്ലാ നേതൃത്വം പരസ്യമായി വാദിച്ചു. ഇതോടെ ജോസഫ് വിഭാഗത്തിന്റെ വാദങ്ങൾക്ക് ശക്തി കുറഞ്ഞു. ഇതിന് പിന്നാലെ കോട്ടയ മണ്ഡലത്തിൽ നിന്നുള്ള ആൾ തന്നെയാവണം സ്ഥാനാർത്ഥി എന്ന ആവശ്യം കൂടി മാണി വിഭാഗം ഉയർത്തിയതോടെ ജോസഫ് അനുകൂല വിഭാഗം കടുത്ത പ്രതിരോധത്തിലായി.
ആദ്യ ഘട്ടത്തിൽ യു.ഡി.എഫിൽ നിന്ന് രണ്ടു സീറ്റ് നേടിയെടുക്കെണമെന്ന ആവശ്യമാണ് ജോസഫ് പാർട്ടിയ്ക്കുള്ളിൽ മുന്നോട്ടുവച്ചത്. മൂന്നു വട്ടം ഈയാവശ്യമുന്നയിച്ച് മുന്നണി നേതൃത്വവുമായി ചർച്ചയും നടത്തി. ഈ ഘട്ടത്തിൽ പേരിന് സീറ്റാവശ്യപ്പെട്ട മാണി. പാർട്ടിയ്ക്ക് ലഭിയ്ക്കുന്ന ഒരു സീറ്റ് ജോസഫിന് നൽകാമെന്ന ധാരണയിൽ കോൺഗ്രസുമായുള്ള ചർച്ചയിൽ ജോസഫ് ഒത്തുതീർപ്പിന് വഴങ്ങി.
ജോസഫിന്റെ സമ്മർദ്ദഫലമായി പ്രമുഖ യു.ഡി.എഫ് ഘകക്ഷി നേതാക്കളും മാണിയുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ സ്വന്തം തട്ടകത്തിൽ മാണി വിഭാഗം മത്സരിച്ച സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് നേതൃത്വം തയ്യാറായില്ല.