കോട്ടയം- ഇന്നലെ രാഷ്ടീയ കേരളം പാലാ കരിങ്ങോഴക്കൽ തറവാട്ടു മുറ്റത്തായിരുന്നു. കേരള കോൺഗ്രസിന്റെ ലോക്‌സഭാ സ്ഥാനാർഥിയെ ചൊല്ലിയുളള തർക്കത്തിന്റെ അന്തിമ വിധിയറിയാൻ. കോട്ടയത്ത് ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേരള കോൺഗ്രസിന്റെ ചെയർമാനായ കെ.എം മാണിയെ ചുമതലപ്പെടുത്തിയ നിമിഷം മുതൽ പാലായിലേക്ക് കേരളം കാതോർക്കുകയാണ്.
പി.ജെ ജോസഫോ. അതോ കെഎം. മാണിയുടെ പാർട്ടിയിലെ നേതാക്കൾക്ക് ആർക്കെങ്കിലുമായിരിക്കുമോ ഇക്കുറി കോട്ടയത്തെ സ്ഥാനാർഥി ഭാഗ്യം വീഴുക എന്നറിയാൻ ആകാംക്ഷയോടെ.
പി.ജെ ജോസഫിനോട് താൽപര്യമില്ലെന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണിയുടെ വരികൾക്കിടയിൽ വ്യക്തമായിരുന്നു. പാർട്ടി സ്ഥാനാർഥിയെ തീരുമാനിക്കുമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. യോഗ ശേഷവും തീരുമാനത്തിലെത്താതെ കെ.എം മാണിയിലേക്ക് തീരുമാനം നീണ്ടു. ഇതോടെ തെരഞ്ഞെടുപ്പിന്റെ ക്‌ളൈമാക്‌സ് പാലായിലെ വസതിയിലായി. പതിവ് പോലെ.
ഇന്നലെ രാവിലെ മുതൽ പാലാ കൊട്ടാരമറ്റത്തിന് സമീപമുളള കരിങ്ങോഴിക്കൽ വീടിന്റെ അങ്കണത്തേക്ക് നേതാക്കളുടെ വാഹനം ഒഴുകിയെത്തുകയായിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയത്തിലെ നിർണായക രാഷ്ട്രീയ കൂടിയാലോചനകൾക്ക് വേദിയായ വസതി. മരങ്ങാട്ടുപിള്ളിയിൽനിന്നും കെ.എം മാണിയും കുടുംബവും കൊട്ടാരമറ്റത്തിന് സമീപമുളള വസതിയിലേക്ക് പറിച്ചു നട്ട അന്നു മുതൽ ഇവിടം തിരക്കിട്ട രാഷ്ട്രീയ കൂടിയാലോചനകളുടെ കേന്ദ്രമാണ്. വിശാലമായ വളപ്പിലെ മുൻവശത്ത് ആദ്യകാലത്ത് ഉപയോഗിച്ച വീട്. പിന്നിൽ ഇപ്പോഴത്തെ കരിങ്ങോഴയ്ക്കൽ തറവാട് തലയെടുപ്പോടെ. കെ.എം മാണി എന്ന കേരള രാഷ്ട്രീയത്തിലെ രാഷ്ട്രീയ ഇതിഹാസത്തിന്റെ വസതി.
ഇന്നലെ രാവിലെ മുതൽ തന്നെ വീടിന് പുറത്തും അകത്തുമായി മാധ്യമ പ്രവർത്തക സംഘങ്ങളും എത്തി. ഓരോ വാഹനം വന്നുപോകുമ്പോഴും പിരിമുറുക്കം. ഉച്ചക്ക് മുമ്പ് തന്നെ കേരള കോൺഗ്രസ് -എം കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എത്തി. സണ്ണി തെക്കേടം മാധ്യമ പ്രവർത്തരെ കണ്ട് നിലപാട് അറിയിച്ചു. 'സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റ് നൽകേണ്ട കാര്യമില്ല. കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിന്റേതാണ്. അത് വിട്ടുകൊടുക്കാനാവില്ല.'
ഇതോടെ തന്നെ സംഭവ വികാസങ്ങളുടെ തുടർ ഒഴുക്ക് വ്യക്തമായി. പി.ജെ ജോസഫിനെ കോട്ടയത്ത് മത്സരിപ്പിക്കാൻ സമ്മതിക്കില്ല. സീറ്റ് മാണി വിഭാഗത്തിന് തന്നെ വേണം. ഇതിനിടെ അകത്ത് തിരക്കിട്ട കൂടിയാലോചനകൾ.
പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണിയെ ഒറ്റക്കും കൂട്ടമായും നേതാക്കൾ കാണുന്നു. കരിങ്ങോഴയ്ക്കൽ തറവാട്ടിന്റെ പുമുഖത്തും പുൽത്തകിടിയിലും ഖദർധാരികളുടെ കൂട്ടങ്ങൾ. മുഖത്ത് പിരിമുറുക്കം.
ഉച്ച കഴിഞ്ഞ് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ എത്തി. കെ.എം മാണിയുടെ മാനസ പുത്രനെന്ന് ഒരിക്കൽ അറിയപ്പെട്ടിരുന്ന റോഷി തന്നെ കണ്ട് എത്തിയ പ്രവർത്തകരുമായി സൗഹൃദം പങ്കിട്ട ശേഷം നേരെ വസതിയിലേക്ക് പോയി. റോഷിയെയും കോട്ടയം സീറ്റിലേക്ക് പാർട്ടി പരിഗണിക്കുന്നതായി ഒരു ഘട്ടത്തിൽ പ്രചരിച്ചതാണ്. പാർട്ടി നേതൃത്വവുമായി വളരെ അടുത്ത ബന്ധമുളള റോഷി പിന്നീടുളള കൂടിയാലോചനകളിൽ പങ്കാളിയായി. ഇതിനിടെ പാർട്ടിയുടെ ജില്ലാ പ്രസിഡന്റുമാർ ഓരോരുത്തരായി എത്തി. അവരും ഭൂരിപക്ഷവും കോട്ടയം ജില്ലാ പ്രസിഡന്റിനൊപ്പമെന്ന് വ്യക്തം.
വൈകുന്നേരമായതോടെ മുറ്റത്തെ വാഹന നിര വർധിച്ചു. ചിലർ വാഹനം പുറത്ത് ഒതുക്കി മെല്ലെ നടന്ന് അകത്തേക്ക് പോയി. അഞ്ചു മണിയോടെ കെ.എം മാണി പുറത്തേക്ക് പോയി. നിർണായകമായ തീരുമാനങ്ങൾ എടുക്കും മുമ്പ് പ്രാർഥന പതിവാണ്. പ്രാർഥനക്കായാണ് പോയതെന്ന് മീഡിയ റിപ്പോർട്ടുകൾ. ഭരണങ്ങാനത്തേക്ക് മാധ്യമ വാഹനങ്ങൾ. ഉച്ചയോടെ മാധ്യമങ്ങളെ കണ്ട കെ.എം മാണി സസ്‌പെൻസ് നീട്ടിയിരുന്നു. ഇന്നോ നാളയോ തീരുമാനമെന്ന് സൂചിപ്പിച്ചു. വീണ്ടും കാത്തിരിപ്പ്. ഏറെ പേരുകൾ ഇതിനിടയിൽ ചാനൽ ഫഌഷിൽ മിന്നി മറഞ്ഞു. പ്രിൻസ് ലൂക്കോസ്, തോമസ് ചാഴിക്കാടൻ, സ്റ്റീഫൻ ജോർജ് അങ്ങനെ. ഇതിനിടയിൽ പാലായുടെ മുകളിൽ വേനൽ കാർമുകിലുകൾ, കുളിനീരായി പെയ്‌തൊഴിയാൻ.