Sorry, you need to enable JavaScript to visit this website.

തൃക്കാക്കര കൊലപാതകത്തിന് പിന്നില്‍ യുവതിയുമായുള്ള ബന്ധം: 14 പ്രതികള്‍, ഏഴ് പേര്‍ അറസ്റ്റില്‍

കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍.

കൊച്ചി- എറണാകുളം ചക്കരപറമ്പ് തെക്കേപറമ്പ് വീട്ടില്‍ ജിബിന്‍ വര്‍ഗീസിനെ കെട്ടിയിട്ട് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. വാഴക്കാല പടന്നാട്ട് വീട്ടില്‍ മനാഫ്, കുഴിപ്പറമ്പില്‍ വീട്ടില്‍  കെ അലി (40), കുഴിപ്പറമ്പില്‍ വീട്ടില്‍  കെ.ഇ സലാം(48), കുഴിപ്പറമ്പില്‍ വീട്ടില്‍  മുഹമ്മദ് ഫൈസല്‍ (23),കുരിക്കോട്ട് പറമ്പില്‍ കെ.കെ സിറാജുദ്ദീന്‍ (49), കുഴിപ്പറമ്പില്‍ വീട്ടില്‍ കെ.ഐ യൂസഫ് (42), പുറ്റിങ്കല്‍ പറമ്പ് വീട്ടില്‍  അജാസ് (31) എന്നിവരെയാണ് തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 14 പേരാണ് കൊലപാതകത്തിനു പിന്നിലുള്ളത്. ഇതില്‍ ഏഴു പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ബാക്കിയുള്ള ഏഴു പേര്‍ ഉടന്‍ പിടിയിലാകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം. സുരേന്ദ്രന്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പാലച്ചുവട് ക്ഷേത്രത്തിനു സമീപം റോഡരുകില്‍ ദുരൂഹ സാഹചര്യത്തില്‍ ജിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ജിബിന്റെ മൃതദേഹം കിടന്നതിനു സമീപത്തായി സഞ്ചരിച്ചിരുന്ന ബൈക്കും മറിഞ്ഞു കിടന്നിരുന്നു. അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടമെന്ന നിലയിലാണ് നാട്ടുകാര്‍ പറഞ്ഞതെങ്കിലും വാഹനാപകടം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ആദ്യ ഘട്ട പരിശോധനയില്‍ തന്നെ പോലിസ് സംഭവം കൊലപാതകമാണെന്ന് സംശയിച്ചിരുന്നു.
ജിബിന്റെ ഫോണ്‍കോളുകളുടെ വിവരമനുസരിച്ച് നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ ജിബിനെ കൊലപ്പെടുത്തിയതിനു ശേഷം റോഡരുകില്‍ കൊണ്ടുവന്നു ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലിസിന് വ്യക്തമായി. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്് പല സംഘങ്ങളായി അന്വേഷണം ആരംഭിച്ചു.

ജിബിന്‍ കൊല്ലപ്പെടുന്ന രാത്രി 12 മണിയോടെ വാഴക്കാല അസീസിന്റെ വിടിനു സമീപത്ത് എത്തി. ഇയാള്‍ക്ക് ബന്ധമുള്ള യുവതിയുടെ ഫോണില്‍നിന്നുള്ള വാട്‌സ് ആപ് സന്ദേശമനുസരിച്ചായിരുന്നു ഇത്. മതില്‍ ചാടി അകത്തു കടന്ന ജിബിനെ അസീസിന്റെ മകന്‍ മനാഫ്,മരുമകന്‍ അനീസ്,അയല്‍വാസികള്‍ ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ 14 ഓളം പേര്‍ ചേര്‍ന്ന് പിടികൂടി വീടിന്റെ സ്റ്റെയര്‍ കേസിന്റെ ഗ്രില്ലില്‍ കയറുപയോഗിച്ച് കെട്ടിയിട്ട് കൈകൊണ്ടും ആയുധം കൊണ്ടും മര്‍ദിച്ചു. രണ്ടു മണിക്കൂറോളം ഇതേ രീതിയില്‍ മര്‍ദനം തുടര്‍ന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജിബിന്‍ മരിച്ചു. ഇതോടെ ജിബിന്റെ മൃതദേഹം പ്രതികള്‍ ഓട്ടോ റിക്ഷയില്‍ കയറ്റി.മറ്റു രണ്ടു പേര്‍ ജിബിന്റെ സ്കൂട്ടര്‍ ഓടിച്ചു. മറ്റുള്ളവര്‍ മറ്റൊരു വാഹനത്തിലുമായി വന്ന് പാലച്ചുവട് റോഡരുകില്‍ മൃതദേഹം ഉപേക്ഷിച്ചു. വാഹനാപകടമാണെന്ന് വരുത്തി തീര്‍ക്കുന്നതിനായി ജിബിന്റെ സ്കൂട്ടര്‍ മൃതദേഹത്തിനു സമീപം മറിച്ചിടുകയും ചെയ്തു.
അസീസിന്റെ മകളുമായും മരുമകനുമായും ഉള്ള പ്രശ്നമാണ് കൊലപാതകത്തിലേക്ക് എത്തിയത്. ക്രൂരമായ മര്‍ദനത്തില്‍ വാരിയെല്ല് ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.  റോഡരുകില്‍ ഉപേക്ഷിക്കുന്നതിനായി മൃതദേഹം കയറ്റിക്കൊണ്ടു പോയ ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ എം സുരേന്ദ്രന്‍ പറഞ്ഞു.

 

 

Latest News