ദോഹ- നടുമുറ്റം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വീട്ടുജോലിക്കാരികളായ വനിതകളെ നോര്‍ക്ക പദ്ധതിയില്‍ അംഗങ്ങളാകുന്ന കാമ്പയിന്റെ ഉദ്ഘാടനവും വനിതാദിനാഘോഷവും കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്നു. വനിതാ ദിനാഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസിക്ക് കീഴിലെ ഐ.ബി.പി.സി വുമണ്‍സ് കോര്‍ഡിനേറ്റര്‍ ഉഷ ആന്‍ഡ്രൂസ് ഉദ്ഘാനം ചെയ്തു.
സാമൂഹ്യ മുന്നേറ്റത്തില്‍ വനിതകളുടെ നിലപാടുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും എല്ലാ ദര്‍ശനങ്ങളും സ്ത്രീകള്‍ക്ക് മാന്യമായ പദവിയാണ് നല്‍കുന്നതെന്നും ഉഷ ആന്‍ഡ്രൂസ് പറഞ്ഞു. രാജ്യത്ത് വനിതകളുടെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതില്‍ ചില മുന്നേറ്റങ്ങള്‍ നടന്നെങ്കിലും ജനാധിപത്യ സംവിധാനത്തില്‍ സ്ത്രീ പങ്കാളിത്വം ഉറപ്പ് വരുത്തുന്നതില്‍ നാം പിന്നോക്കം നില്‍കുന്നതായി പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി സി. സാദിഖലി പറഞ്ഞു.
വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന വനിത ബില്‍ ഇന്നും നിയമമാകാതെ കിടക്കുന്നത് അതിന്‍െറ ഉദാഹരണമൊണെന്നും മനുഷ്യത്വം തകര്‍ക്കുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ വനിതാ മുന്നേറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ നടുമുറ്റം കോര്‍ഡിനേറ്റര്‍ ആബിദ സുബൈര്‍ അധ്യക്ഷത വഹിച്ചു.
കേരള ഗവണ്‍മെന്‍റിന് കീഴില്‍ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് കള്‍ച്ചറല്‍ ഫോറം സെക്രട്ടറി മുഹമ്മദ് കുഞ്ഞി സംസാരിച്ചു.