മലപ്പുറം-മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വസതിയില്‍ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് ഇരു സ്ഥാനാര്‍ഥികളും പാണക്കാട്ടെ ദാറുന്നഈമിലെത്തിയത്. പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരും തങ്ങളുമായി ചര്‍ച്ച ചെയ്തു. തങ്ങളുടെ ആശീര്‍വാദവും പ്രാര്‍ഥനയും ഏറ്റുവാങ്ങിയാണ് ഇന്നലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതാക്കള്‍ തുടക്കം കുറിച്ചത്. തുടര്‍ന്നു ഇ.ടി. മുഹമ്മദ് ബഷീര്‍ പാണാക്കാട് പൂക്കോയ തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഖബര്‍ സിയാറത്ത് നടത്തി. പിന്നീട് കോട്ടക്കല്‍ വ്യാപാര ഭവനില്‍ പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് ഘടക കക്ഷി പ്രധാന നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തു. സ്ഥാനാര്‍ഥി പര്യടനത്തിന്റെയും പ്രചാരണ പരിപാടികളുടെയും കര്‍മ പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. വൈകുന്നേരം നാല് മണിക്ക് തിരൂരില്‍ റോഡ്‌ഷോയില്‍ പങ്കെടുത്തു. തിരൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നു റോഡ്‌ഷോ ആരംഭിച്ചു. തുടര്‍ന്നു വൈകിട്ട് ഏഴിനു തിരൂരങ്ങാടി മുനിസിപ്പല്‍ യു.ഡി.എഫ് കണ്‍വെന്‍ഷനിലും പങ്കെടുത്തു. മലപ്പുറം ലോക്‌സഭാ മണ്ഡലം നേതൃയോഗം ഇന്നു രാവിലെ 11 നു മലപ്പുറം ഡിസിസിയില്‍ നടക്കും. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. മണ്ഡലംതല, പഞ്ചായത്ത്, മുനിസിപ്പല്‍, വാര്‍ഡുതല യോഗങ്ങള്‍ ചേരുന്നതടക്കമുള്ള വിഷയങ്ങളും യു.ഡി.എഫിലെ മുഴുവന്‍ ഘടക കക്ഷികളെയും പ്രവര്‍ത്തകരെയും അണിനിരത്തി ശക്തമായ പ്രചാരണം നടത്തുന്നതിനുമുള്ള തന്ത്രങ്ങളും യോഗത്തില്‍ ആവിഷ്കരിക്കും.