കൊണ്ടോട്ടി - വേനലവധി മുന്‍നിര്‍ത്തി വിമാന കമ്പനികള്‍ ഗള്‍ഫിലേക്കുളള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. ഈ മാസം 25 മുതല്‍ ഗള്‍ഫ് സെക്ടറിലേക്കുളള നിരക്കുകളാണ് വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ മുതല്‍ കേരളത്തിലെ സ്കൂളുകള്‍ അടക്കുന്നതിനാല്‍ ഗള്‍ഫിലേക്ക് പോകുന്ന കുടംബങ്ങളുടെ തിരക്കായിരിക്കും. ഇത് മുന്‍നിര്‍ത്തിയാണ് വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചത്.
ദുബായിലേക്ക് 5000 രൂപവരെയുളള നിരക്ക് 18000 രൂപ വരെ നല്‍കേണ്ട അവസ്ഥയാണ്. ഷാര്‍ജ,അബൂദാബി മേഖലയിലേക്കും നിലവിലെ നിരക്കിന്റെ മൂന്നിരട്ടി നല്‍കണം. ജിദ്ദയിലേക്ക് നിലവില്‍ 15500 രൂപക്ക് ലഭിക്കുന്ന നിരക്ക് 26,000 രൂപയായി ഉയര്‍ത്തി. റിയാദിലേക്ക് 12400 രൂപയില്‍നിന്ന് 24000 രൂപയിലേക്കും ദമാമിലേക്ക് 22000 രൂപയായും ഉയര്‍ന്നു. ദോഹ,കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കും നിലവിലെ നിരക്കിനക്കാളും അയ്യായിരം മുതല്‍ പതിനായിരം വരെ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
അതിനിടെ ഗള്‍ഫില്‍നിന്നുളള നിരക്കും ഏപ്രില്‍ മധ്യത്തോടെ വര്‍ധിക്കും. റമദാന്‍ മെയില്‍ ആരംഭിക്കുന്നതിനാല്‍ ഗള്‍ഫില്‍നിന്നുളള തിരക്കും കൂടും. ഏപ്രില്‍ ആദ്യം ഗള്‍ഫിലേക്ക് വിമാന ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ്.