തിരുവനന്തപുരം- ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസറുടെ മുന്നറിയിപ്പ്. കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തെരഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘനമാകുമെന്നും ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വൈകാതെ നല്‍കുമെന്നും മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ശബരിമല വിഷയത്തെ സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപേയാഗിച്ചാല്‍ അത് ചട്ടലംഘനമാകും. ഇക്കാര്യത്തില്‍ അടുത്ത ദിവസം രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ദൈവത്തിന്റേയും മതത്തിന്റേയും പേരില്‍ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണ്. ഈ പരിധിയില്‍ വരുന്ന തരത്തില്‍ ശബരിമല വിഷയത്തെ ഉപയോഗിച്ചാല്‍ ചട്ടലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്താ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്ക്യാരം അദ്ദേഹം വ്യക്തമാക്കിയത്.