Sorry, you need to enable JavaScript to visit this website.

പരിധിയില്‍ കവിഞ്ഞ് പണമയച്ച് ജയിലിലായ അലിക്ക് ഒടുവില്‍ മോചനം

ജിദ്ദ - നിശ്ചിത പരിധിയില്‍ കൂടുതല്‍ പണം നാട്ടിലേക്കയച്ച കുറ്റത്തിന് കോടതി വിധിച്ച രണ്ടു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയിട്ടും ജയിലില്‍ കഴിയേണ്ടിവന്ന കോഴിക്കോട് കൊടുവള്ളി  സ്വദേശി അലി (50) ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങി. മക്കയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് അലി ശിക്ഷിക്കപ്പെട്ടത്. ശിക്ഷാ കാലാവധി കഴിഞ്ഞ് പതിനൊന്നു മാസം പിന്നിട്ടിട്ടും മോചനം ലഭിക്കാത്തതില്‍ ആശങ്കയിലായിരുന്നു അലിയുടെ കുടുംബം. അതിനിടെ മാതാവിന്റെ വേര്‍പാടും അലിയെ തളര്‍ത്തിയിരുന്നു. അലിയുടെ ദുരവസ്ഥയെക്കുറിച്ച് മലയാളം ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബന്ധുക്കള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് ഫൈസല്‍ മമ്പാട് എന്നിവര്‍ ഇന്ത്യന്‍ എംബസിയുടെ വെല്‍ഫെയര്‍ വിഭാഗവുമായി ബന്ധപ്പെടുകയും അലിയുടെ മോചനത്തിനു വേണ്ട ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അലിയുടെ മോചനം യാഥാര്‍ഥ്യമായത്. തന്നെ സഹായിച്ച  എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് അലി നാട്ടിലേക്ക് തിരിച്ചു.
 

 

Latest News