Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് തലമുറകളുടെ പോരാട്ടം 

മലപ്പുറം- കേരള രാഷ്ട്രീയത്തിലെ രണ്ടു തലമുറകൾ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ നടക്കുന്നത്. നാലു പതിറ്റാണ്ടലേറെയായി രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും വിദ്യാർഥി രാഷ്ട്രീയത്തിന്റെ പ്രതിനിധിയായ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവും തമ്മിലാണ് ഇത്തവണ മലപ്പുത്ത് പ്രധാന മൽസരം. മലപ്പുറത്തെ സിറ്റിംഗ് എം.പി കൂടിയായ പി.കെ.കുഞ്ഞാലിക്കുട്ടിയെ നേരിടാൻ സാനുവിനെ നിയോഗിച്ചതോടെ പാർലമെന്ററി രാഷ്ട്രീയത്തിൽ എസ്.എഫ്.ഐക്ക് പരിഗണന നൽകുക കൂടിയാണ് സി.പി.എം ചെയ്തത്.യു.ഡി.എഫിന് മികച്ച രാഷ്ട്രീയ അടിത്തറയുള്ള മലപ്പുറം മണ്ഡലത്തിൽ നടന്ന ഒരു ഉപതെരഞ്ഞെടുപ്പ് അടക്കം മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് ഇതുവരെ വിജയിക്കാനായിട്ടില്ല. ഇത്തവണ മണ്ഡലത്തിൽ അട്ടിമറി വിജയം ലക്ഷ്യമിട്ടാണ് വി.പി.സാനുവെന്ന വിദ്യാർഥി നേതാവ് ഗോദയിലേക്കിറങ്ങുന്നത്.
ദേശീയ നേതാക്കളുടെ പോരാട്ടമാണ് മലപ്പുറത്ത് നടക്കുന്നത്. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റും തമ്മിലുള്ള മൽസരം. ഇരു സ്ഥാനാർഥികൾക്കും വേണ്ടി പ്രചാരണത്തിന് ദേശീയ നേതാക്കളെത്തിയേക്കും. സാനു സ്ഥാനാർഥിയായതോടെ പിതാവിനോടും മകനോടും മൽസരിക്കുന്ന സ്ഥാനാർഥിയായി പി.കെ.കുഞ്ഞാലിക്കുട്ടി മാറുകയാണ്. നേരത്തെ കുറ്റിപ്പുറം മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മൽസരിച്ച്ത് സാനുവിന്റെ പിതാവും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ വി.പി. സക്കറിയയായിരുന്നു.അന്ന് കുഞ്ഞാലിക്കുട്ടിക്കായിരുന്നു വിജയം. എം.എസ്.എഫിലൂടെയാണ് പി.കെ കുഞ്ഞാലിക്കുട്ടി സജീവ രാഷ്ട്രീയത്തിലെത്തിയത്. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന ട്രഷററായിരുന്നു. 1982 ൽ മലപ്പുറം മുനിസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. 1982 ലും 1987 ലും മലപ്പുറത്തു നിന്ന് കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിൽ 1991 ലും 1996 ലും 2001 ലും വിജയിച്ചു. 2006 ൽ കുറ്റിപ്പുറത്ത് കെ.ടി.ജലീലിനോട് പരാജയപ്പെട്ടു. 
1991 ലെ കരുണാകരൻ മന്ത്രിസഭയിൽ വ്യവസായ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 1995 ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ വാണിജ്യ വ്യവസായ മന്ത്രി. 2001 ലെ എ.കെ.ആന്റണി മന്ത്രിസഭയിലും 2004 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും വിവര സാങ്കേതിക വിദ്യ,വ്യവസായ മന്ത്രി. 2011 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ വിവര സാങ്കേതിക വകുപ്പ് മന്ത്രി.
മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടർന്ന് 2017 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പി.കെ.കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് ആദ്യം മത്സരിക്കുന്നത്.1.71 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 
എസ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായ സാനു മുപ്പതാം വയസ്സിലാണ് കന്നിയങ്കത്തിനിറങ്ങുന്നത്. കുറ്റിപ്പുറം സ്വദേശിയായ സാനു സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗംമാണ്. എം.എസ്.ഡബ്ല്യു, എം.കോം ബിരുദധാരിയാണ്.കുറ്റിപ്പുറം പഞ്ചായത്തിലെ അബുദാബിപ്പടി വട്ടപ്പറമ്പിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി സക്കറിയയുടെയും റംലയുടെയും മകനാണ്. പൈങ്കണ്ണൂർ ഗവ. യു.പി സ്‌കൂൾ, കുറ്റിപ്പുറം ഗവ.എച്ച്.എസ.്എസ്, വളാഞ്ചേരി ഹയർ സെക്കൻഡറി സ്‌കൂൾ, വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ തിരൂർ കേന്ദ്രം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കുറ്റിപ്പുറം ഗവ. എച്ച്.എസ.്എസിൽ എട്ടാം തരത്തിൽ പഠിക്കവേ സജീവ എസ്.എഫ.ഐ പ്രവർത്തകനായി. തുടർന്ന് ബാലസംഘം ജില്ലാ സെക്രട്ടറി, എസ്.എഫ.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളിൽ പ്രവർത്തിച്ചു. 2016 ജനുവരിയിൽ രാജസ്ഥാനിലെ സിക്കറിൽ നടന്ന എസ്.എഫ.്‌ഐ അഖിലേന്ത്യാ സമ്മേളനത്തിൽ ആദ്യമായി ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
2018 ൽ സിംലയിൽ നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ വീണ്ടും പ്രസിഡന്റായി. 2014 സെപ്തംബറിൽ കലിക്കറ്റ് സർവകലാശാലയിലെ നെറ്റ് വർക്ക് തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏഴു ദിവസം നിരാഹാര സമരം നടത്തി. ഇതേ കാലയളവിൽ സർവകലാശാലയിലെ ഹോസ്റ്റൽ സൗകര്യം സ്വാശ്രയ വിദ്യാർഥികൾക്കും അനുവദിക്കുന്നതിനെതിരെ 146 ദിവസം നീണ്ട സമരത്തിനും നേതൃത്വം നൽകി. ദേശീയ പ്രസിഡന്റായതിനു ശേഷം നിരവധി സമരങ്ങൾക്കും കാമ്പയിനുകൾക്കും നേതൃത്വപരമായ പങ്കുവഹിച്ചു. 

Latest News