മലപ്പുറം-കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുന്ന പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ പ്രധാന മൽസരം സിറ്റിംഗ് എം.പിയും സിറ്റിംഗ് എം.എൽ.എയും തമ്മിൽ. ഹാട്രിക് വിജയം ലക്ഷ്യമിട്ട് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ വീണ്ടും ജനവിധി തേടുമ്പോൾ നിലമ്പൂർ എം.എൽ.എയായ പി.വി.അൻവറിനെയാണ് ഇടതുപക്ഷം സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കിയിട്ടുള്ളത്. നിലമ്പൂർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിയിലൂടെ യു.ഡി.എഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത രാഷ്ട്രീയ തന്ത്രവുമായാണ് അൻവർ പൊന്നാനിയിൽ എത്തുന്നത്. രണ്ട് സ്ഥാനാർഥികളും വോട്ടർമാർക്കിടയിൽ മുഖവുര ആവശ്യമില്ലാത്തവരാണ്. രണ്ടു പേരും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവരാണ്. തെരഞ്ഞെടുപ്പ് തോൽവി അറിഞ്ഞവരുമാണ്.
മുസ്‌ലിം ലീഗിലെ മുതിർന്ന നേതാവും മുൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും മികച്ച പ്രസംഗകനുമായ ഇ.ടി.മുഹമ്മദ് ബഷീർ 2009 മുതൽ പൊന്നാനി മണ്ഡലത്തെ പാർലമെന്റിൽ പ്രതിനിധീകരിച്ചു വരുന്നു. ട്രേഡ് യൂനിയൻ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം 1983 ലെ ഉപതെരഞ്ഞെടുപ്പിൽ മേപ്പയൂരിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001 തെരഞ്ഞെടുപ്പുകളിൽ തിരൂരിൽ നിന്ന് നിയമസഭയിലെത്തി.2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരിൽ മൽസരിച്ച് പരാജയപ്പെട്ടു.
1991 ലെ കരുണാകരൻ മന്ത്രിസഭയിലും 1995 ലെ ആന്റണി മന്ത്രിസഭയിലും 2004 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2009 ൽ പൊന്നാനിയിൽ നിന്നാണ് ലോക്‌സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. യു.പി.എ സർക്കാറിൽ വിവിധ കാലയളവുകളിലായി സാമൂഹ്യ നീതി, സാമൂഹ്യ ശാക്തീകരണം സമിതി, മാനവ ശേഷി വികസന സമിതി, ആഭ്യന്തരകാര്യ സമിതി തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചു. 2013 ൽ കേന്ദ്ര ഹജ് കമ്മിറ്റിയുടെയും കേന്ദ്ര വഖ്ഫ് കൗൺസിലിന്റെയും അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂനപക്ഷ വിഷയങ്ങളിൽ പാർലമെന്റിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. ജീവകാരുണ്യ രംഗത്തും പ്രവർത്തിക്കുന്ന മുഹമ്മദ് ബഷീർ സി.എച്ച് സെന്റർ ചെയർമാനാണ്.
പഴയ കോൺഗ്രസുകാരനായിരുന്ന പി.വി.അൻവർ ഇടതുപക്ഷ സ്വതന്ത്രനായാണ് തെരഞ്ഞെടുപ്പ് രംഗത്തെത്തിയത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നിവയിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ ഭാരവാഹിയായിരുന്നു. എ.ഐ.സി.സി അംഗവും ദീർഘകാലം എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി ഷൗക്കത്തലിയുടെ മകനാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അൻവർ മമ്പാട് എം.ഇ.എസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും സാംസ്‌കാരിക സംഘടനയായ നെഹ്‌റു യുവദർശന്റെ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
2005 ൽ കെ.കരുണാകരൻ രൂപീകരിച്ച ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസിന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. പിന്നീട് കരുണാകരൻ മാതൃസംഘടനയിലേക്ക് തിരിച്ചു പോയെങ്കിലും അൻവർ സ്വതന്ത്ര നിലപാടെടുത്ത് മാറിനിന്നു. സജീവ രാഷ്ട്രീയത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്നു. അശരണർക്കായി പ്രവർത്തിക്കുന്ന പി.വി ഷൗക്കത്തലി ആൻഡ് മറിയുമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനാണ്.
2011 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. 2014 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.ഇടതുപക്ഷത്തോടാപ്പം ചേർന്ന അൻവർ 2016 ൽ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ 11504 വോട്ടിനാണ് തോൽപിച്ചത്.