തലശ്ശേരി- വടകര ലോക്‌സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സി.പി.എം പ്രവർത്തകർ ജയരാജന് വേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം എതിരാളികൾ രക്തദാഹിയെന്ന നിലയിൽ അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനെന്ന നിലയിൽ ജയരാജനെ പ്രതിഷ്ഠിച്ച് ട്രോളുകളും രംഗത്തെത്തി.
ശനിയാഴ്ച രാത്രി കതിരൂരിലെ ഒരു കല്യാണ വീട്ടിൽ ഭക്ഷണം വിളമ്പാൻ ഇറങ്ങിയ സി.പി.എം പ്രവർത്തകർ മുഴുവൻ ജയരാജന്റെ ഫോട്ടോ ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ചാണ് രംഗത്തിറങ്ങിയത്. ഇവരുടെ ടീ ഷർട്ടിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും കുത്തിയിരുന്നു. വിവാഹ വീട്ടിന് മുന്നിൽ ജയരാജനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട കൂറ്റൻ ബോർഡും സ്ഥാപിച്ചിരുന്നു. വിവാഹ തലേദിവസമായ ശനിയാഴ്ച രാത്രി എത്തിയ ജയരാജനെ പ്രവർത്തകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. പലരും സെൽഫിയെടുക്കാനും കുശലം പറയാനും മത്സരിക്കുന്നതും കാണാമായിരുന്നു.
ഇതിനിടെ പി. ജയരാജൻ മത്സരിക്കാൻ ഇറങ്ങിയതോടെ യു.ഡി.എഫും ബി.ജെ.പിയും ട്രോളുകളുമായും രംഗത്തെത്തി. വടകരയിൽ ജയരാജന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ സി.പി.എമ്മിലെ സൈബർ സഖാക്കളെല്ലാം വലിയ ആർപ്പു വിളിയിലാണെന്നും കഥയറിയാതെ ആട്ടം കാണുന്ന വിഡ്ഢികകളായ വലിയ ആവേശ കമ്മിറ്റിക്കാരാണ് പ്രവർത്തകരെന്നും ട്രോളർമാർ പറഞ്ഞ് പരത്തുകയാണ്. പാർട്ടിക്ക് മീതെ വളരാൻ ശ്രമിച്ച ജയരാജനെ ഒതുക്കുകയാണ് ചെയ്തതെന്നും രാഷ്ട്രീയ വനവാസത്തിന് അയക്കാനുള്ള പിണറായിയുടെ നീക്കമാണ് സ്ഥാനാർഥിത്വമെന്നും എതിരാളികൾ സോഷ്യൽ മീഡിയകൾ വഴി പൊങ്കാലയിടുന്നു. കത്തി കൊണ്ട് കുത്തുന്ന കാലനെ വിരൽ തുമ്പ് കൊണ്ട് കുത്തി പായിക്കാൻ കിട്ടിയ ഈ അവസരം പാഴാക്കരുതെന്നും വടകരക്കാരോട് പറയാനും ചില ട്രോളൻമാർ മടിച്ചില്ല. വടകര പിടിക്കാൻ ജയരാജൻ, ജയരാജനെ പിടിക്കാൻ സി.ബി.ഐ എന്ന നിലയിലും പോസ്റ്റുണ്ട്.
മുസ്‌ലിം ലീഗ് പ്രവർത്തകൻ തളിപ്പറമ്പിലെ അരിയിൽ ഷുക്കൂർ വധക്കേസിലും ആർ.എസ്.എസ് നേതാവ് കതിരൂർ മനോജ് വധക്കേസിലും പ്രതി ചേർക്കപ്പെട്ട് സി.ബി.ഐ അന്വേഷണം നേരിടുന്ന ജയരാജനെ രക്തദാഹിയായും ചിത്രീകരിക്കുന്നു. ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലക്ക് പിന്നിൽ പ്രവർത്തിച്ച ജയരാജനെ പാഠം പഠിപ്പിക്കുമെന്ന് വരെ ട്രോളുകളിൽ ആവേശം നിറയുകയാണ്.
എന്നാൽ പി. ജയരാജൻ സ്ഥാനാർഥിയായതോടെ സി.പി.എമ്മിലെ യുവനിര ആവേശത്തോടെ പ്രചാരണ രംഗത്തിറങ്ങിക്കഴിഞ്ഞു. ഞായറാഴ്ച കാലത്ത് പി. ജയരാജൻ കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് ശയ്യാവലംബിയായി കഴിയുന്ന ചൊക്ലി മേനേപ്രത്തെ പുഷ്പനെ സന്ദർശിച്ച് പ്രചാരണ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. തുടർന്ന് അക്രമത്തിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ വീടുകളും സി.പി.എമ്മിന്റെ ആദ്യകാല നേതാക്കളെയും സന്ദർശിച്ച് ജയരാജൻ പ്രചാരണ രംഗം കൊഴുപ്പിക്കുകയാണ്. എതിരാളിയാരെന്ന് ഇപ്പോഴും നിശ്ചയിക്കപ്പെട്ടില്ലെങ്കിലും മണഡലത്തിലെ നിലവിലെ ജനപ്രതിനിധിയായ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെ മണ്ഡലം നിലനിർത്താൻ ഇറക്കുമെന്നാണ് യു.ഡി.എഫ് പ്രവർത്തകരുടെ പ്രതീക്ഷ.
സീറ്റ് ലഭിക്കാത്ത വിഷമത്തിൽ അസ്വസ്ഥരായി കഴിയുന്ന മണ്ഡലത്തിലെ പ്രബല ശക്തിയായ എൽ.ജെ.ഡിയെ പാട്ടിലാക്കാൻ മുല്ലപ്പള്ളിക്ക് സാധിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ മുല്ലപ്പള്ളിക്ക് വേണ്ടി സജീവമായി രംഗത്ത് ഇറക്കിയ ജനതാദൾ പ്രവർത്തകർ കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ മടികാണില്ലെന്നും ഇതിന് കാരണമായി ഇവർ വിയിരുത്തുന്നു. സീറ്റ് ലഭിക്കാത്ത പഴയ സോഷ്യലിസ്റ്റുകളുടെ മനസ്സിലിരിപ്പ് സി.പി.എം നേതൃത്വത്തിന് അറിയാമെങ്കിലും അവരെ സജീവമാക്കാൻ പ്രചാരണ കമ്മറ്റിയുടെ തലപ്പത്ത് എത്തിക്കാനുള്ള തയാറെടുപ്പിലാണ്.
വടകരയുടെ വിധി നിർണയിക്കാൻ ആർ.എം.പിയുടെ വോട്ടുകൾ നിർണായകമാകുമെന്നതിനാൽ യു.ഡി.എഫ് ആർ.എം.പി നേതാക്കളുമായുള്ള അവസാനഘട്ട ചർച്ചയിലാണ്. ആർ.എം.പിയുടെ ആജന്മ ശത്രുവായ ജയരാജനെ പരാജയപ്പെടുത്തുകയെന്നത് ആർ.എം.പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇത് പരമാവധി സി.പി.എം വിരുദ്ധ വോട്ടുകളാക്കി ഉപയോഗപ്പെടുത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. വടകര മണ്ഡലത്തിൽ 24,000 ത്തിലേറെ ആർ.എം.പി അനുകൂല വോട്ടുകളുണ്ടെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.