തിരുവനന്തപുരം- ട്രോളുകളിലൂടെ ബി.ജെ.പിക്ക് അനാവശ്യ പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കരുതെന്ന് സൈബർ സഖാക്കളോട് സി.പി.എം.
സി.പി.എം സൈബർ പോരാളികൾ ഏറ്റവുമധികം ട്രോളുന്നത് ബി.ജെ.പി നേതാക്കളെയാണ്. ഇത് സഹതാപ തരംഗം സൃഷ്ടിച്ച് ബി.ജെ.പി അനുകൂല തരംഗമായി മാറുമെ ന്നാണ് സി.പി.എമ്മിന്റെ നിലപാട്. ബി.ജെ.പി നേതാക്കളിൽ പ്രത്യേകിച്ച് കുമ്മനത്തെ അനാവശ്യമായി ട്രോളരുത് എന്നതാണ് നിർദേശം. കുമ്മനത്തിനൊപ്പം പ്രധാനമന്ത്രി മോഡിയെയും ട്രോളുന്ന പോസ്റ്റുകൾ ഒഴിവാക്കണം. നെഗറ്റീവ് പബ്ലിസിറ്റി വഴി ബി. ജെ.പി വളർച്ചയുണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടതു സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾക്ക് കർശന നിർദേശം നൽകിയിരിക്കുന്നത്.
'നമ്മുടെ സോഷ്യൽ മീഡിയ സ്‌പേസ് ബി.ജെ.പിയുടെ പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കാതിരിക്കുക. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ കഴിഞ്ഞ കാലം ബി.ജെ.പിക്കുണ്ടായ വളർച്ച രാഷ്ട്രീയം നിരീക്ഷിച്ചാൽ മനസ്സിലാകും'- ഇടതു സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെത്തിയ സന്ദേശത്തിൽ ഇതാണ് വ്യക്തമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടുക, കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ കൂടുതലായി ഉയർത്തിക്കാട്ടുക, മോഡിയുടെ അഴിമതികളെ കുറിച്ച് കൂടുതൽ സോഷ്യൽ മീഡിയയിൽ സംസാരിക്കുക എന്നിവ ചെയ്യാനാണ് നിർദേശം.
കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ, പോരായ്മകൾ, അഴിമതി എന്നിവയെക്കുറിച്ച് മാത്രം ഉയർത്തിക്കാട്ടണമെന്നാണ് നിർദേശം. ഇതിൽ തന്നെ നരേന്ദ്ര മോഡിയെ ട്രോളുന്നത് ഒഴിവാക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ശരിയായ രാഷ്ട്രീയം പറയാതിരിക്കാനാണ് മറ്റു വിഷയങ്ങൾ അവർ മുന്നിലേക്കിട്ടു തരുന്നത്. ഉദാഹരണം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ മൂത്രത്തിൽ നിന്ന് യൂറിയ ശേഖരണം പോലുള്ളവ- കുറിപ്പിൽ പറയുന്നു. കേരള സർക്കാർ നടപ്പിലാക്കിയ നയങ്ങൾ, വികസന പ്രവർത്തനങ്ങൾ ഇടത് സ്ഥാനാർഥിയുടെ മികവുകൾ തുടങ്ങിയവക്ക് വലിയ പ്രചാരണം നൽകുക. എതിർ സ്ഥാനാർഥിയുടെ പേരു പോലും പരാമർശിക്കാതിരിക്കുക, അവരെ വ്യക്തിപരമായി ആക്രമിക്കാതിരിക്കുക ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലക്ക് പ്രചാരണം നടത്തുക എന്നാണ് നിർദേശം. കൊച്ചി മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം യാത്ര ചെയ്ത ശേഷമാണ് കുമ്മനത്തിനെതിരെ ട്രോളുകൾ നിരന്തരം ഉണ്ടായത്. ഇതിന് ശേഷം അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലപാതകത്തെ തുടർന്ന് പ്രതിഷേധം നടത്തിയപ്പോഴും കുമ്മനത്തിനെതിരെ ട്രോളുകളുണ്ടായി.