റിയാദ്- വിദേശങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർക്ക് 200 സിഗരറ്റ് വരെ നികുതിയില്ലാതെ കൊണ്ടുവരാവുന്നതാണെന്ന് സക്കാത്ത്, നികുതി അതോറിറ്റി അറിയിച്ചു. 500 ഗ്രാം വരെ തൂക്കമുള്ള മറ്റു പുകയില ഉൽപന്നങ്ങൾക്കും നികുതി കൊടുക്കേണ്ടതില്ല. നികുതിയില്ലാതെ കൊണ്ടുവരാവുന്ന ശീതളപാനീയങ്ങൾ 20 ലിറ്ററിലും എനർജി ഡ്രിങ്കുകൾ 10 ലിറ്ററിലും കൂടാൻ പാടില്ലെന്നും സെലക്ടീവ് ടാക്‌സ് നിയമത്തിന്റെ നിയമാവലിയിലെ നാൽപതാം വകുപ്പ് അനുശാസിക്കുന്നു. നികുതി ഇളവ് ലഭിക്കുന്ന അളവിൽ കൂടുതൽ ഈ ഉൽപന്നങ്ങൾ വിദേശത്തു നിന്ന് കൊണ്ടുവരുന്നവർ മുഴുവൻ ശേഖരത്തിനും നികുതി അടക്കേണ്ടിവരുമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.
സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനവും ശീതളപാനീയങ്ങൾക്ക് 50 ശതമാനവും അധിക നികുതിയാണ് ബാധകമാക്കുന്നത്. ജൂൺ പത്തു മുതൽ ഇത് നിലവിൽവരും. ഇതോടെ സിഗരറ്റ്, എനർജി ഡ്രിങ്കുകൾ എന്നിവയുടെ ചില്ലറ വിൽപന വില ഇരട്ടിയായും ശീതളപാനീയങ്ങളുടെ വില 50 ശതമാനവും വർധിക്കും.
നികുതി വെട്ടിപ്പുകാരെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പാരിതോഷികം നൽകും. സക്കാത്ത്, നികുതി അതോറിറ്റി ജീവനക്കാരല്ലാത്ത ആർക്കും പാരിതോഷികം ലഭിക്കും. സെലക്ടീവ് ടാക്‌സ് നിയമം ലംഘിക്കുന്നവരിൽനിന്ന് ഈടാക്കുന്ന പിഴയുടെയോ നികുതിയുടെയോ രണ്ടര ശതമാനത്തിൽ കൂടാത്ത തുകയോ പത്തു ലക്ഷം റിയാലോ ഇതിൽ ഏതാണ് കുറവെങ്കിൽ ആ തുകയാണ് നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമായി ലഭിക്കുക.