Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ബ്രദർഹുഡിനുള്ള പിന്തുണ ഖത്തർ അവസാനിപ്പിക്കണം -അൽജുബൈർ

റിയാദ്- മുസ്‌ലിം ബ്രദർഹുഡ്, ഹമാസ് പോലുള്ള സംഘടനകൾക്ക് പിന്തുണ നൽകുന്നത് ഖത്തർ നിർത്തിവെക്കണമെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ. 
ഖത്തർ സഹോദര രാഷ്ട്രവും പങ്കാളിയുമാണെന്ന് ബെർലിനിൽ ജർമൻ വിദേശകാര്യ മന്ത്രി സിഗ്മർ ഗബ്രിയേലിനൊപ്പം നടത്തി സംയുക്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ സഹോദരാനായാലും സുഹൃത്തായാലും നല്ല കാര്യം ചെയ്യുമ്പോഴും തെറ്റായ കാര്യം ചെയ്യുമ്പോഴും അത് ചൂണ്ടിക്കാട്ടാൻ കഴിയണം. കഴിഞ്ഞ കുറേ കാലമായി ചില സംഘടനകൾക്ക് ഖത്തർ പിന്തുണ നൽകിവരികയാണ്. അതിനെ മുമ്പും നമ്മൾ അപലപിച്ചിട്ടുണ്ട്. എന്നാൽ നിർഭാഗ്യമകരമെന്ന് പറയട്ടെ, ഉചിതമായ സഹകരണം ഞങ്ങൾക്ക് തിരികെ ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവന്നത്. ഈ നടപടികൾ ഖത്തറിന്റെ താൽപര്യത്തിനുവേണ്ടിയുള്ളതാണ്. അതോടൊപ്പം മേഖലയുടെ മൊത്തം സുരക്ഷക്കും, സ്ഥിരതക്കും വേണ്ടിയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിന് ഹാനിയുണ്ടാക്കുക സൗദി അറേബ്യയുടെ ലക്ഷ്യമല്ല. എന്നാൽ ഖത്തർ ശരിയായ പാത തെരഞ്ഞെടുക്കണം. ഖത്തറിനെതിരെ സ്വീകരിച്ച സാമ്പത്തിക നടപടികൾ ശരിയായ പാത തെരഞ്ഞെടുക്കുന്നതിന് ഖത്തറിനെ പ്രേരിപ്പിക്കുന്നതിന് പര്യാപ്തമാണ്. ദീർഘകാലമായി കുമിഞ്ഞുകൂടിയ പ്രശ്‌നങ്ങളുടെ ഫലമായാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഒരു നിലപാടിന്റെയോ ഒരു നടപടിയുടെയോ പേരിലല്ല ഇത്തരമൊരു കടുത്ത തീരുമാനം സ്വീകരിച്ചത്. 
സൗദി അറേബ്യയോടും മറ്റു രാജ്യങ്ങളോടും ശത്രുത വെച്ചുപുലർത്തുന്ന മാധ്യമങ്ങൾക്കും ഭീകര സംഘടനകൾക്കും പിന്തുണ നൽകരുതെന്ന് ആവശ്യപ്പെടുന്ന കരാർ ഖത്തർ പാലിച്ചില്ല. വർഷങ്ങൾക്കു മുമ്പുണ്ടാക്കിയ കരാറുകളൊന്നും ഖത്തർ പാലിച്ചിട്ടില്ല. ഖത്തർ ഗവൺമെന്റിന്റെ ശത്രുതാ രാഷ്ട്രീയം ഗൾഫ് രാജ്യങ്ങൾ അടക്കം മേഖലയിലെ എല്ലാ രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുകയാണ്. ഖത്തറിനും ഖത്തർ ജനതക്കും കോട്ടം തട്ടിക്കണമെന്ന് ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല. ആർക്കൊപ്പമാണ് നിലയുറപ്പിക്കേണ്ടതെന്ന് ഖത്തർ സ്വയം തീരുമാനിക്കുകയാണ് വേണ്ടത്. 
ലോകത്ത് ഭീകരതക്ക് ഏറ്റവും വലിയ പിന്തുണ നൽകുന്ന രാജ്യം ഇറാനാണ്. മേഖലാ രാജ്യങ്ങളിൽ നടത്തുന്ന ഇടപെടലുകൾക്കും തീവ്രവാദ ഭീകര സംഘടനകൾക്കും ഗ്രൂപ്പുകൾക്കും നൽകുന്ന പിന്തുണക്കും ഇറാനെ ശിക്ഷിക്കണം. ഇറാൻ ഭരണകൂടത്തിന്റെ രാഷ്ട്രീയം ഒരു നിലക്കും അംഗീകരിക്കാനാവില്ല. ലോകത്ത് ഏറ്റവും കൂടുതൽ ബോംബുകൾ നിർമിക്കുന്ന രാജ്യം ഇറാനാണ്. ഇറാൻ നിർമിക്കുന്ന ബോംബുകളിൽ 90 ശതമാനവും ഭീകര ഗ്രൂപ്പുകൾക്കാണ് വിതരണം ചെയ്യുന്നത്. ഈ ബോംബുകൾ ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ അപഹരിച്ചു. അൽഖാഇദ അടക്കമുള്ള ഭീകര സംഘടനകളുടെ നേതാക്കൾക്ക് ഇറാൻ അഭയം നൽകുന്നുണ്ട്. 37 വർഷത്തിനിടെ 12 രാജ്യങ്ങളുടെ എംബസികൾക്കു നേരെ ഇറാൻ ആക്രമണം നടത്തി. നയതന്ത്രജ്ഞരെ വധിക്കുന്നതിന് ഗൂഢാലോചന നടത്തുന്ന ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ നഗ്നമായി ലംഘിക്കുകയാണ്. മേഖലയിൽ ഇറാൻ ഉണ്ടാക്കിത്തീർത്ത പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഇറാൻ വഹിക്കണമെന്നും ആദിൽ അൽജുബൈർ ആവശ്യപ്പെട്ടു. 
മേഖലയിൽ ദീർഘകാലമായി ഖത്തർ പിന്തുടരുന്ന രാഷ്ട്രീയ നിലപാടുകളാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് യു.എ.ഇ അടക്കമുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ് പറഞ്ഞു. ഖത്തറിന്റെ നയങ്ങൾ മേഖലയിൽ സുരക്ഷാ ഭദ്രത തകർത്തു. തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ഭീകര സംഘടനകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന കളിയാണ് ഖത്തർ പയറ്റിയതെന്നും യു.എ.ഇ മന്ത്രി പറഞ്ഞു.
 

Latest News