കോട്ടയം- ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ഒരു സീറ്റ് മതിയെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. രണ്ടു സീറ്റിന് അർഹതയുള്ളതുകൊണ്ടാണ് അതിന് വേണ്ടി തുടക്കം മുതൽ ആവശ്യം ഉന്നയിക്കുന്നതെന്നും കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് പറഞ്ഞു. കേന്ദ്രത്തിൽ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നത് നിർണായകമാണ്. അതുകൊണ്ടാണ് കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കുന്നുവെന്നും സി.എഫ് തോമസ് വ്യക്തമാക്കി. ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് കേരള കോൺഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗമുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കോട്ടയമാണ് കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.ജെ ജോസഫ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മറ്റാരെങ്കിലും താൽപ്പര്യപ്പെട്ടാൽ അതും ചർച്ച ചെയ്യുമെന്ന് സി.എഫ് തോമസ് പറഞ്ഞു.