Sorry, you need to enable JavaScript to visit this website.

കിരീടാവകാശി പാക്കിസ്ഥാനികളുടെ ഹൃദയം കീഴടക്കി -ഇംറാൻ ഖാൻ 

റിയാദ് - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പാക്കിസ്ഥാനികളുടെ ഹൃദയം കീഴടക്കിയതായി പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു. പാക്കിസ്ഥാന് സഹായം നൽകുന്നതിനുള്ള മുഴുവൻ തീരുമാനങ്ങളും അനുയോജ്യമായ സമയത്ത് സൗദി അറേബ്യ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി ജയിലുകളിൽ കഴിഞ്ഞുവന്ന പാക് തടവുകാരെ വിട്ടയക്കുന്നതിനുള്ള തീരുമാനവും പാക്കിസ്ഥാന്റെ ഹജ് ക്വാട്ട ഉയർത്തിയതും പ്രശംസനീയമാണ്. 
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ പാക് സന്ദർശനത്തിന്റെ തുടർച്ചയെന്നോണമാണ് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പാക്കിസ്ഥാൻ സന്ദർശിച്ചതെന്നും ഇംറാൻ ഖാൻ പ്രസ്താവനയിൽ പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും സന്ദേശങ്ങൾ ആദിൽ അൽജുബൈർ പാക് പ്രധാനമന്ത്രിക്ക് കൈമാറിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. പൊതുതാൽപര്യമുള്ള വിഷയങ്ങളും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും ഇന്ത്യ-പാക് സംഘർഷവും പാക് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകൾക്കിടെ ആദിൽ അൽജുബൈർ വിശകലനം ചെയ്തു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ മുഴുവൻ പ്രശ്‌നങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിന് പൂർണ തോതിൽ സഹായം നൽകുന്നതിന് സൗദി അറേബ്യ ഒരുക്കമാണെന്ന് പാക് വിദേശ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായി നടത്തിയ ചർച്ചയിൽ ആദിൽ അൽജുബൈർ വ്യക്തമാക്കിയിട്ടുണ്ട്. 
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദേശാനുസരണമാണ് ആദിൽ അൽജുബൈർ പാക്കിസ്ഥാൻ സന്ദർശിച്ചത്. ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കുന്നതിനും ഇന്ത്യ-പാക് ബന്ധം സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കാണ് ആദിൽ അൽജുബൈർ പാക്കിസ്ഥാൻ സന്ദർശിച്ചത്. പാക് പ്രധാനമന്ത്രി ഇംറാൻ ഖാനുമായും വിദേശ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും പാക് സേനാ തലവൻ ജനറൽ ഖമർ ജാവേദ് ബജ്‌വയുമായും വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ ഇസ്‌ലാമാബാദിൽ വെച്ച് പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തിയിരുന്നു.
സൗദി അറേബ്യ നടത്തിയ ശ്രമങ്ങളാണ് പാക്കിസ്ഥാനും ഇന്ത്യക്കുമിടയിൽ രൂപപ്പെട്ട യുദ്ധത്തിന്റെ കാർമേഘം നീക്കിക്കളയുന്നതിന് സഹായിച്ചതെന്ന് പാക് രാഷ്ട്രീയ വിദഗ്ധനും എഴുത്തുകാരനുമായ അഹ്മദ് ഖുറേഷി പറഞ്ഞു. ആണവ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം മൂർഛിക്കുന്നത് മേഖലയെ വിനാശകരമായ ദുരന്തത്തിലേക്ക് തള്ളിവിടുമായിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ ശ്രമങ്ങളുടെ ഫലമായി രണ്ടു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം ലഘൂകരിക്കുന്നതിന് സാധിച്ചു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ സൗദി അറേബ്യ മധ്യസ്ഥ ശ്രമങ്ങൾ നടത്തിയതിനെയും ചർച്ചകളിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആഹ്വാനം ചെയ്തിനെയും പാക്കിസ്ഥാൻ വില മതിക്കുന്നതായും അഹ്മദ് ഖുറേഷി പറഞ്ഞു.  


 

Latest News