Sorry, you need to enable JavaScript to visit this website.

ഉപവാസത്തിന്റെ ഉൺമയറിഞ്ഞ മലപ്പുറം ഓർമ

വിശപ്പ് കഠിനമായപ്പോൾ തൊട്ടടുത്ത വീട്ടുകാരോട് ഇവിടെ അടുത്ത് എവിടെയാണ് ഭക്ഷണം കഴിക്കാൻ കടയുള്ളതെന്ന് ചോദിച്ചു. അപ്പോഴാണ് അറിയുന്നത് അവിടെ ആകെയുള്ളത് രണ്ടോ മൂന്നോ കടയാണെന്ന്. അവയാകട്ടെ നോമ്പ് കാലമായതിനാൽ വൈകിട്ട് മാത്രമേ തുറക്കുകയുള്ളൂ. ഇതിനിടയിൽ വീട്ടുകാർ എന്നോട് ചോദിച്ചു. ഇവിടെ നിന്ന് ഭക്ഷണം തന്നാൽ കഴിക്കുമോ എന്ന്. നമ്പൂതിരിയായ ഞാൻ മുസ്‌ലിം വീട്ടിൽ ഭക്ഷണം കഴിക്കില്ലെന്ന ധാരണയിലാണ് ചോദ്യം. 

വർഷങ്ങൾക്ക് മുമ്പ്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. തൃശൂരിൽ നിന്ന് മലപ്പുറത്തെ കുടുംബ സുഹൃത്തിനെ തേടി ഞാൻ എത്തിയത് ഒരു നോമ്പ് കാലത്തായിരുന്നു. മുസ്‌ലിംകളുടെ നോമ്പിനെ കുറിച്ച് അന്ന് എനിക്ക് അറിയുക പോലുമില്ല. മലപ്പുറം കുന്നുമ്മലിൽ അധികം കടകളൊന്നുമില്ലാത്ത കാലമാണ്. ഫോൺ വ്യാപകമല്ലാതിരുന്നതിനാൽ ചെല്ലുന്ന സമയം അറിയിക്കാൻ കഴിഞ്ഞിരുന്നില്ല.  ഉച്ചയോടെയാണ് ഞാൻ അവിടെയെത്തുന്നത്. സ്‌കൂൾ മാഷായിരുന്ന അദ്ദേഹം നമ്പൂതിരി കുടുംബാംഗമായിരുന്നു. ഞാനെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു. രാവിലെ ഭക്ഷണം കഴിക്കാതെ പുറപ്പെട്ടതിനാൽ ഉച്ചയോടെ വിശപ്പ് കഠിനമായി. അദ്ദേഹം വരുന്നത് വരെ കാത്തിരിക്കാമെന്ന് കരുതി. ഉച്ചഭക്ഷണം തേടിയിറങ്ങി. അവിടെയുള്ള കടകളൊന്നും തുറന്നിട്ടില്ല. വ്രതമെന്ന് കേട്ടാൽ നമ്പൂതിരി സമുദായത്തിലെ വ്രതം മാത്രമാണ് അറിയുക.
    വിശപ്പ് കഠിനമായപ്പോൾ തൊട്ടടുത്ത വീട്ടുകാരോട് ഇവിടെ അടുത്ത് എവിടെയാണ് ഭക്ഷണം കഴിക്കാൻ കടയുള്ളതെന്ന് ചോദിച്ചു. അപ്പോഴാണ് അറിയുന്നത് അവിടെ ആകെയുള്ളത് രണ്ടോ മൂന്നോ കടയാണെന്ന്. അവയാകട്ടെ നോമ്പ് കാലമായതിനാൽ വൈകിട്ട് മാത്രമേ തുറക്കുകയുള്ളൂ. ഇതിനിടയിൽ വീട്ടുകാർ എന്നോട് ചോദിച്ചു. ഇവിടെ നിന്ന് ഭക്ഷണം തന്നാൽ കഴിക്കുമോ എന്ന്. നമ്പൂതിരിയായ ഞാൻ മുസ്‌ലിം വീട്ടിൽ ഭക്ഷണം കഴിക്കില്ലെന്ന ധാരണയിലാണ് ചോദ്യം. വിശപ്പിന് ജാതിയും മതവുമില്ലല്ലോ. ഞാൻ കഴിക്കുമെന്നു പറഞ്ഞപ്പോൾ  ആ വീട്ടുകാർ ഒരു പാത്രത്തിൽ ചോറും കറികളുമായി എന്റെ അടുക്കൽ കൊണ്ടുവന്നു. ഞാൻ കഴിക്കാൻ തുടങ്ങി. അവർ കഴിക്കാതെ എന്നെ ഊട്ടുന്നത് കണ്ടപ്പോൾ നിങ്ങൾ ഭക്ഷണം കഴിക്കുന്നില്ലേയെന്ന് ഞാൻ അവരോട് ചോദിച്ചു. അപ്പോഴാണ് ഇസ്‌ലാമിക വിശ്വാസപ്രകാരമുള്ള വ്രതം പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചുകൊണ്ടുള്ള ഉപവാസമാണെന്ന് അറിയുന്നത്. അവർ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ  ഞാൻ മാത്രം എങ്ങനെ ഭക്ഷണം കഴിക്കുമെന്ന വിഷമം അവരെ അറിയിച്ചപ്പോൾ നോമ്പില്ലാത്തവർക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്തു നൽകുന്നതിൽ തെറ്റില്ലെന്ന് അവർ പറഞ്ഞു. കുട്ടികൾക്കും രോഗികൾക്കും യാത്രക്കാർക്കും നോമ്പ് എടുക്കൽ നിർബന്ധമില്ലെന്നും അവർക്കുവേണ്ടി ഭക്ഷണം കരുതുമെന്നും അവർ പറഞ്ഞു. അന്നാണ് റമദാനിലെ വ്രതത്തെക്കുറിച്ച് ഞാൻ ആദ്യമായി അറിയുന്നത്. 
കാലം പിന്നീട് കടന്നുപോയി. സൗദി അറേബ്യയിലെ ദമാമിലും ജിദ്ദയിലും ജീവിച്ചപ്പോൾ നോമ്പിനെക്കുറിച്ചും റമദാൻ മാസത്തെക്കുറിച്ചും കൂടുതൽ അറിയുകയായിരുന്നു. അവിടെ മുസ്‌ലിം സുഹൃത്തുക്കൾ നോമ്പ് അനുഷ്ഠിക്കുന്നതിനൊപ്പം ഞാനും നോമ്പ് എടുക്കും. കൂടുതൽ നോമ്പിനെക്കുറിച്ചുള്ള ചർച്ചകളും അറിവും  പ്രവാസ ജീവിതം സമ്മാനിച്ചു. മുസ്‌ലിംകളല്ലാത്ത ഞങ്ങൾ നോമ്പുളളവരുടെ മുമ്പിൽ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിരുന്നില്ല. നോമ്പിനേയും നോമ്പുകാരനെയും അന്നും ഇന്നും ബഹുമാനിച്ചിരുന്നു.
   ലോകത്തിന്റെ കാഴ്ചപ്പാട് തന്നെ ഇന്ന് വ്യത്യസ്തമാണ്. എല്ലാം അധികമുള്ളവനാണ്  ഇന്ന് കേമൻ. ഒന്ന് ഉള്ളവനേക്കാൾ രണ്ട് ഉള്ളവനാണ് വലുത്. ഉപഭോഗത്തിന്റെ തോത് കേമത്തത്തിന്റെ അളവ് കോലായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ റമദാൻ വ്രതം വലിയൊരു സന്ദേശമാണ് നൽകുന്നത്.  ഉപേക്ഷിക്കുക, ഉപയോഗിക്കാതിരിക്കുക  എന്ന വലിയൊരു സന്ദേശമാണ് റമദാൻ നൽകുന്നത്. ഇത് ഇന്നത്തെ മുതലാളിത്ത ഉപഭോഗ സംസ്‌കാരത്തിനുള്ള മറുപടിയാണ്. എല്ലാ മതങ്ങളിലുമുള്ള വ്രതങ്ങൾ ഉപേക്ഷിക്കലാണ്.  ഓരോ മതങ്ങളിലും നോമ്പ് കാലം വ്യത്യസ്തമായ രീതിയിലാണ്. എന്നാൽ ഉപേക്ഷിക്കുക എന്നത് തന്നെയാണ് കാതൽ. ത്യാഗം ചെയ്യാൻ കഴിയുന്ന മനസ്സിനെയാണ്  അത് ശീലിപ്പിക്കുന്നത്. 
    ചരിത്രപരമായ മൂല്യം കൂടി റമദാനിലെ വ്രതത്തിനുണ്ട്. വലിയൊരു സന്ദേശം ഉൾകൊള്ളുന്ന റമദാനിൽ കാണുന്ന  ആഡംബരം നിറഞ്ഞ ഇഫ്താറുകളെ ഞാൻ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഭക്ഷണത്തെ ആഘോഷമാക്കുന്നത് റമദാന്റെ മൂല്യങ്ങളെ പരിമിതപ്പെടുത്തുമോയെന്ന് ചിന്തിച്ചുപോവുകയാണ്. ഞങ്ങളുടെ നമ്പൂതിരി കുടുംബങ്ങളിലൊരു ചൊല്ലുണ്ട് ഏകാദശി ഷഷ്ഠിയെങ്കിൽ ഇല്ലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ പോകാമെന്ന്. 
അതായത് നാല് ദിവസത്തെ വ്രതമുണ്ടെങ്കിൽ ചെലവ് കുറയുമെന്ന്. വ്രതം ചെലവേറിയതായി മാറുന്ന കാലത്തെ നാം ഭയപ്പെടണം. അത്  വ്രതം നൽകുന്ന മഹത്തായ സന്ദേശത്തെ ഇല്ലാതാക്കുന്നതായി മാറരുത്. പ്രകൃതിയേയും മനുഷ്യനേയും ഇല്ലാതാക്കുന്ന സംസ്‌കാരം വളർത്തിയെടുക്കുന്ന അത്യാഡംബര ഇഫ്താർ ആഘോഷമാക്കുന്നതിനോട് എനിക്ക് എന്നും വിയോജിപ്പാണ്.


 

Latest News