ജീവിതത്തിലെ അതിമനോഹരമായ മൂന്നു ദിവസങ്ങളെ കുറിച്ചാണ്. ഫെബ്രുവരി 2,3,4. അശരണരായ ഒരുപാട് രോഗികൾക്ക് സാന്ത്വനമായും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്രയമായും നിലകൊള്ളുന്ന കൊയിലാണ്ടി നെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സപ്പോർട്ടിങ് ഗ്രൂപ്പായ വിദ്യാർത്ഥി കൂട്ടായ്മ campus initiative സംഘടിപ്പിച്ച സ്‌നേഹസംഗമത്തിന്റെ മൂന്നു ദിവസങ്ങൾ.
ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് വീടകങ്ങളിൽ ഒതുങ്ങിപ്പോയ അറുപതോളം പേർ അതിഥികളായെത്തിയ ആദ്യദിവസം ശരീരം തളർന്നിട്ടും തളരാത്ത മനസ്സിന്റെ കരുത്ത് കൊണ്ട് ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയനായ റഈസ് ഹിദായയാണ് സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകൾ മുഴുവൻ ആളുകളുടെയും മനം കവർന്നു.
പാട്ടുകളോടെയും, കഥപറിച്ചിലിലൂടെയും തുടർന്ന പരിപാടിയിൽ അശ്വിൻ എന്ന ചെറുകൂട്ടുകാരനെ ഞാൻ അങ്ങനെയാണ് പരിചയപ്പെടുന്നത്. നെസ്റ്റിലെ എല്ലാ വളണ്ടിയർമാരും അതിഥികളെ സ്വന്തം കുടുംബം പോലെ പരിചരിക്കുന്ന തിരക്കിലാണ്. എന്റെ കണ്ണുകൾ ആ സന്തോഷം നിറഞ്ഞ മുഖത്തായിരുന്നു. പുതിയ എന്തെക്കെയോ കാണാൻ ഇരിക്കുന്നുണ്ട് എന്നൊരു ആകാംക്ഷ അവനിൽ നിറഞ്ഞത് പോലെ എനിക്ക് തോന്നിയിരുന്നു. സംസാരിക്കാനോ എണീറ്റ് നിൽക്കാനോ കഴിയാത്ത അവൻ അവന്റെ സന്തോഷങ്ങൾ എനിക്ക് കാണിച്ചു തന്നിരുന്നു.
സാധാരണയിൽനിന്നും വളരെ വ്യത്യസ്തമായ ഒരു കായിക പരിപാടി ഒരുക്കിയിരുന്നു. വീൽചെയർ ക്രിക്കറ്റ് മത്സരം. വീൽചെയറിൽ കഴിയുന്ന 22 പേർ രണ്ടു ടീമായി ആ കായിക മത്സരം ഒന്ന് വേറെത്തന്നെ ആയിരുന്നു. യഥാർത്ഥ സ്‌പോർട്‌സ്മാന്റെ വാശിക്കും പ്രകടനത്തിനും ശാരീരിക പരിമിതികൾ തടസ്സമല്ല എന്ന് ഈ മത്സരം തെളിയിച്ചു.
സൽക്കാര പ്രിയരും ഭക്ഷണകാര്യത്തിൽ മുൻതൂക്കം നൽകുന്നവരുമായ കൊയിലാണ്ടിക്കാരുടെ പിരിശപ്പത്തിരി എന്ന മലബാറിന്റെ പാരമ്പര്യ വിഭവങ്ങളുടെ ഭക്ഷ്യമേളയും ഏറെ ആസ്വാദ്യമായി. കാൻവാസിൽ വർണങ്ങൾ നൽകി കഴിവ് തെളിയിച്ച മാരിയത്ത് സി. എച്ച് എന്ന കലാകാരിയിലൂടെയായിരുന്നു രണ്ടാം നാൾ തുടങ്ങിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറി അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന മാരിയത്ത് ഏതൊരു വ്യക്തിക്കും പ്രചോദനമാണ്. തളർന്നു കിടക്കുന്ന കാലുകളെ വെല്ലു വിളിച്ചു തന്റെ കൈകളാൽ വിസ്മയങ്ങൾ തീർത്ത മാരിയത്തിനെ നെസ്റ്റിലെ മുഴുവൻ അംഗങ്ങളും ആദരിച്ചിരുന്നു.
ചുറ്റുമുള്ള ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ കാണുമ്പോൾ ഒരു നിമിഷം ഓർത്തിരുന്നു ഈ ലോകത്ത് ഏറ്റവും മനോഹരമായ ചിരി ദൈവം ഇവർക്കാണ് കൊടുത്തതെന്ന്. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാപരിപാടി 'മഴവില്ല്' മാരിയത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദിന്റെ ഡാൻസിലൂടെയായിരുന്നു മഴവില്ലിന് തുടക്കം കുറിച്ചത്. ഫയസ്‌കന്റെ ഫാഫി ജ്യൂസും അഷ്‌റഫ്ക്കാന്റെ ഫഌവർപോട്ടും ശ്രദ്ധേയമായി.
ഖാലിദ് ഗുരുക്കളുടെ നേതൃത്വത്തിൽ കോൽക്കളി, മാജിക്കിൽ വിസ്മയങ്ങൾ, ഗോപിനാഥ് മുതുകാടിന്റെ പ്രകടനം, (ഭിന്നശേഷിക്കാരായ 15 കുട്ടികളെ മാജിക് പഠിപ്പിച്ച് ഹ്യൂമൻ മെന്റാലിറ്റി എന്താണെന്ന് പറഞ്ഞു തന്ന അദ്ദേഹത്തെ സ്‌നേഹസംഗമത്തിലെ എല്ലാവരും ആദരിക്കുകയുണ്ടായി), റാസയുടെയും ബീഗത്തിന്റെയും ഗസൽ എന്നിവയും പരിപാടിക്ക് മാറ്റ് കൂട്ടി.
വീൽ ചെയറിൽ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന നെസ്റ്റിലെ യാസിർക്ക എന്നെ അടുത്ത് വിളിച്ചുകൊണ്ടു പറഞ്ഞു നെസ്റ്റിലേക്ക് ഇനിയും എല്ലാവരെയും കൂട്ടി വരണം കേട്ടോ..
റാസയുടെ നേതൃത്വത്തിലുള്ള ഗസൽ