മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാറിന്റെ വിലയിരുത്തലാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ഇടത്പക്ഷത്തിന് അനുകൂല സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമാണിപ്പോൾ. പുരോഗമന ആദർശത്തിനും മതനിരപേക്ഷതക്കും നിലകൊള്ളുന്ന ഇടതുമുന്നണിക്ക് വൻ വിജയം നേടാൻ ഇക്കുറി കഴിയും. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇന്ന് മുതൽ കൺവെൻഷനുകൾക്ക് മുന്നണി തുടക്കമിടുകയാണ്. കേരളത്തിൽ എൽ.ഡി.എഫിനെ പുറത്താക്കാൻ കോൺഗ്രസും ബി. ജെ. പിയും ശ്രമവുമായി മുന്നോട്ട് പോവുകയാണ്. വർഗീയതയുടെ പിൻബലത്തിൽ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വിശ്വാസി, അവിശ്വാസി എന്ന് തരംതിരിച്ചുള്ള കളികളാണ് ആ പാർട്ടി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് ഒരു സീറ്റ് ഇടതുപക്ഷം പിടിച്ചെടുക്കും. അത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനി മണ്ഡലത്തിൽ പി.വി അൻവറിന്റെ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകൾക്ക് വിധേയമായാണ്. അല്ലാത്ത പക്ഷം പത്രിക തള്ളുകയില്ലേയെന്നും കാനം അഭിപ്രായപ്പെട്ടു. കയ്യേറ്റക്കാരനെ സ്ഥാനാർഥിയാക്കിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.